തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധവുമായി മെൻസ് അസോസിയേഷൻ. പദ്ധതി ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും സംഘടനാ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അജിത് കുമാർ പ്രതിഷേധ പ്രഖ്യാപനം നടത്തിയത്. ബസിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുമെന്നും പുരുഷന്മാർക്കും സമാന ആനുകൂല്യങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര അനുവദിക്കുന്നത് നീതിയല്ലെന്നാണ് സംഘടനയുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് റേഷൻ കാർഡ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നതിൽ എതിർപ്പില്ലെന്നും, ഉയർന്ന വരുമാനമുള്ളവർക്ക് സൗജന്യ യാത്ര നൽകുന്നതിന്റെ ആവശ്യകത പരിശോധിക്കണമെന്നും അജിത് കുമാർ അഭിപ്രായപ്പെട്ടു.
പുരുഷന്മാരും ഒരു വോട്ട്ബാങ്കാണെന്നും അവരുടെ ആവശ്യങ്ങൾക്കും സർക്കാർ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാർക്കായി ബസുകളിൽ സംവരണ സീറ്റുകൾ ഏർപ്പെടുത്തണമെന്നും എല്ലാ വിദ്യാർഥികൾക്കും മുതിർന്ന പൗരൻമാർക്കും സമാന ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും ജൂൺ 15ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അജിത് കുമാർ വ്യക്തമാക്കി.















































