കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ എരിയാടിൽ കസ്റ്റഡിയിലെടുത്ത 18 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓഡിയോ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബം. എരിയാട് സ്വദേശി നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലം ആത്മഹത്യ ചെയ്തത് പോലീസ് മർദനത്തിൽ മനംനൊന്താണെന്നും പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞ് പിതാവ് രംഗത്തെത്തിയിരുന്നു.
ഇതോടെ അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പെൺകുട്ടിയുടെ കുടുംബം പുറത്തുവിടുകയായിരുന്നു. അതേസമയം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നും കാണിച്ച മരിച്ച അസ്ലമിനും സഹോദരൻ സഹലിനുമെതിരേ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവനും തട്ടിയെടുത്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഈ കേസിൽ അസ്ലമിന്റെ ജ്യേഷ്ഠൻ സഹൽ ഇപ്പോൽ റിമാൻഡിലാണ്. കേസിൽ അസ്ലമിനെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഒക്ടോബർ ആറിന് അസ്ലമിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നു തെളിയിക്കുന്ന ഓഡിയോകളാണ് കുടുംബം പുറത്തുവിട്ടത്. ‘പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’ എന്നാണ് പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തിക്കൊണ്ട് ചോദിക്കുന്നത്. ബന്ധുവിനോട് സംസാരിക്കുന്നതാണ് മറ്റൊരു ഓഡിയോ. അതിൽ ‘ അവളുടെ ചേച്ചി എന്തും പറയും. അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്. ഞാൻ പണം കൂട്ടിച്ചോദിക്കും. ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും. അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും’ എന്ന് പറയുന്നതും ഓഡിയോയിൽ കേൾക്കാം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പോലീസ് ഭാഷ്യം ശരിവെക്കുന്നതാണ് ഈ ഓഡിയോ സന്ദേശം.
മറ്റൊരു വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലേക്ക് അസ്ലം എത്തുന്നതും ഗേറ്റ് കടന്ന് വീട്ടിനുള്ളിലേക്ക് പോകുന്നതുമാണ് ആ വീഡിയോ. ഇത് പെൺകുട്ടിയുടെ വിദേശത്തുള്ള സഹോദരിക്ക് അയച്ചുകൊടുക്കുകയും പണം നൽകണമെന്ന് അസ്ലം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.
അതേസമയം അടുത്തിടെ ഒരു ഇന്നോവ കാർ പോലീസ് കൊടുങ്ങല്ലൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അസ്ലമും സഹോദരനും ചേർന്ന് വാങ്ങിയ വാഹനമാണിതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മറ്റൊരാളുടെ പേരിലാണ് ഇത് വാങ്ങിയത്. എന്നാൽ ഈ സ്ത്രീയുടെ മകന് രണ്ട് ലക്ഷം രൂപ നൽകിയതിന് ശേഷമാണ് വാഹനം വാങ്ങിയത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു ജ്വല്ലറിയിൽ സ്വർണം വിറ്റ് പണം വാങ്ങിയ തെളിവുകളും പോലീസിന്റെ പക്കലുണ്ടെന്ന് പോലീസ് പറയുന്നു. സുഹൃത്ത് വഴിയാണ് ഈ ഇടപാട് നടന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാണിച്ച് സ്വർണവും പണവും വാങ്ങിയതിന്റെ തെളിവുകളാണിതെന്നും പോലീസ് വിശദീകരിക്കുന്നു.
എന്നാൽ മക്കൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു പിതാവ് പറയുന്നത്. മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ മർദനമുണ്ടായെന്നും ഇതിൽ മനം നൊന്താണ് അസ്ലം ആത്മഹത്യ ചെയ്തതെന്നുമാണ് അസ്ലമിന്റെ പിതാവ് നൗഷാദിന്റെ ആരോപണം. മകൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. അസ്ലമുമായുള്ള ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പോലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിലെടുപ്പിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയെന്ന കള്ള കേസിൽ മക്കളെ കുടുക്കി. പോലീസ് സ്റ്റേഷനിൽ വെച്ച് ഇളയ മകനെ അതിക്രൂരമായി മർദ്ദിച്ചു. അനിയനെ മർദ്ദിക്കുന്നത് കണ്ട് സഹോദരൻ സഹൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് നൗഷാദ് പറയുന്നത്.
അതേസമയം അസ്ലമിന്റെ ഫോൺ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണുള്ളത്. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ ഫോൺ കോളോ ഭീഷണിയോ അസ്ലം ചെയ്തിട്ടില്ല. പെൺകുട്ടിയുമായി അസ്ലമിന് പ്രണയബന്ധമുണ്ടായിരുന്നു. ചിലപ്പോൾ കുട്ടിയുടെ ഫോട്ടോ അസ്ലമിന്റെ ഫോണിൽ ഉണ്ടായേക്കാമെന്നും പിതാവ് പറഞ്ഞു. എന്നാൽ പോലീസ് ഇക്കാര്യം നിഷേധിച്ചു. ചോദ്യം ചെയ്യലിന് ശേഷം വീട്ടുകാർക്കൊപ്പം അസ്ലമിനെ വിട്ടയച്ചുവെന്നുമാണ് പോലീസ് പറയുന്നത്.