കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താല്‍പര്യമുണ്ട്.
കേരളത്തിന്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താല്‍പര്യമാണതെന്നും രാഗേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജനാധിപത്യബോധത്തിന്റെ താല്‍പര്യമാണത്. ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന താങ്കളോട് ഒരു ചോദ്യം ആവര്‍ത്തിക്കട്ടെ, എന്താണ് വിഴിഞ്ഞത്തോടുള്ള ‘അമിത താല്‍പര്യം’?. രാഗേഷ് ചോദിച്ചു. പൊതു പ്രവര്‍ത്തകരെയാകെ വിരട്ടി നിര്‍ത്താമെന്ന് കരുതരുത്.
താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല എന്നും കെ കെ രാഗേഷ് പറയുന്നു. താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍, ശരീര ഭാഷ തുടങ്ങിയവയൊന്നും ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയിലായിരുന്നില്ല. സ്വന്തം പാര്‍ട്ടിയിലെ കമന്റ് തൊഴിലാളികള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കുമാണ് ആ ഭാഷ ഇണങ്ങുക. എന്തിനാണ് ധനം, നിയമം, തുറമുഖം വകുപ്പുകള്‍ മുഖ്യമന്ത്രി ബോധപൂര്‍വം ഏറ്റെടുത്തത്? എന്നും കെ കെ രാഗേഷ് ചോദിക്കുന്നു.

















































