ആലപ്പുഴ: യു.ഡി.എഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് ആശങ്കപ്പെടേണ്ടതില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫ് സർക്കാർ സ്വസ്ഥമായും നല്ല രീതിയിലുമാണ് മുന്നോട്ടുപോകുന്നതെന്ന് കെ.സി. വേണുഗോപാൽ അവകാശപ്പെട്ടു. മുന്നണിക്കുള്ളിൽ ഉയരുന്ന ചെറിയ പ്രശ്നങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കും. കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് വലിയ പ്രശ്നങ്ങളിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പാർട്ടിയിലെ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് പ്രതിപക്ഷ നേതാവ് മുന്നോട്ടുപോകുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. എല്ലാ എതിർ അഭിപ്രായങ്ങളെയും തമസ്കരിക്കുന്ന സമീപനമാണ് അവിടെ ഉണ്ടായതെന്നും അതിന്റെ ഭാഗമായാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ പോലും ആ പാർട്ടി തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിച്ച് പാർട്ടി മുന്നോട്ടുപോകും. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് സമാധാനമായി ഇരിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.




