BREAKING NEWS

‘ഇന്ന് ഇക്കാണുന്ന കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം’- ചരിത്രം ഓർമ്മപ്പെടുത്തി വേണു​ഗോപാലിന്റെ പോസ്റ്റ്; സതീശനിട്ടുള്ള കൊട്ടോ?

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നതകൾ ചർച്ചയാകുന്നതിനിടെ, കെഎസ്‌യുവിന്റെ പോരാട്ടപാരമ്പര്യം ഓർമിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ.സി. വേണുഗോപാൽ എംപി. കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രനെ അനുസ്മരിച്ചുള്ള കുറിപ്പിലാണ് “ഇന്ന് കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്‌യുവിന്റെ പോരാട്ടവീര്യമാണ്” എന്ന് അദ്ദേഹം കുറിച്ചത്. നിലവിലെ വിവാദങ്ങൾക്കിടെയാണ് ഈ പരാമർശം ശ്രദ്ധ നേടുന്നത്.

അടുത്തിടെയാണ് സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ അഭിപ്രായഭിന്നത ഉയർന്നത്. നിയമനത്തിൽ എബിവിപി, എസ്.എഫ്.ഐ പ്രവർത്തകരുണ്ടെന്നായിരുന്നു കെഎസ്‌യുവിന്റെ വിമർശനം. എന്നാൽ പ്ലീഡർമാരെ നിയമിക്കുന്നത് സർക്കാരാണെന്ന് സതീശൻ പ്രതികരിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായി. തുടർന്ന് എറണാകുളത്ത് നടന്ന ചടങ്ങിൽ ഇരുവരും മുഖാമുഖം കണ്ടെങ്കിലും പരസ്പരം സംസാരിച്ചില്ല. കെ എസ് യുവും ചില കോൺ​ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച് രം​ഗത്തു വന്നതിനു പിന്നാലെയാണ് കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഏറെ സങ്കടമുള്ള ഒരു ദിവസമായിരുന്നു ഇന്ന്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് കാലഘട്ടങ്ങളിൽ ഒപ്പം പ്രവർത്തിച്ച രണ്ട് സഹപ്രവർത്തകരുടെ വേർപാട് മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതല്ല. അതിൽ ഒരാൾ പ്രിയപ്പെട്ട പ്രഫുലചന്ദ്രനാണ്.

മൂന്നരപ്പതിറ്റാണ്ട് കാലം മുൻപുള്ള ചോരമണം നിറഞ്ഞ ഓർമകളാണ് ആ മരണവിവരം കേട്ടതോടെ തിരയടിച്ചെത്തിയത്. 1989ൽ നടന്ന പാഠപുസ്തക സമരം കെഎസ് യു എന്ന വിദ്യാർഥി സംഘടനയുടെ വളർച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു. അന്ന് സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റ് ചെയ്ത ഞാനടക്കമുള്ള പ്രവർത്തകരെ നന്ദാവനം എആർ ക്യാമ്പിലെ അതിക്രൂര മർദനത്തിന് പൊലീസ് വിധേയമാക്കുമ്പോൾ, ഒപ്പം പ്രഫുലചന്ദ്രനുമുണ്ടായിരുന്നു.

ആദ്യകാലം എസ്എഫ്ഐക്കൊപ്പമായിരുന്നെങ്കിലും പിന്നീട് കെഎസ് യുവിനൊപ്പം അണിചേരുകയായിരുന്നു പ്രഫുലചന്ദ്രൻ. നിസ്വാർത്ഥമായ സജീവ പ്രവർത്തനം കൊണ്ട് ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ടവനായി പ്രഫുലചന്ദ്രൻ മാറിയിരുന്നു. കെഎസ് യു വിന് ശേഷം യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ സേവാദളിൽ ചേർന്ന പ്രഫുലചന്ദ്രൻ, പടിപടിയായി ഉയർന്ന്‌ സംസ്ഥാന ഓർഗനൈസർ പദവിയിൽ വരെയെത്തി. അതിനുശേഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വൈസ് പ്രസിഡന്റ്‌ സ്ഥാനം വരെയെത്തി. അവസാനകാലം വരെയും തിരുവനന്തപുരം പെരിങ്ങമല പ്രദേശത്തെ പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി പ്രഫുലചന്ദ്രൻ തുടർന്നു.

ഇന്ന് പ്രഫുലചന്ദ്രന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്നപ്പോൾ, നന്ദാവനത്തെ അതിക്രൂരമായ ലാത്തിച്ചാർജിന്റെ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. എനിക്കും മുൻപേ ആദ്യത്തെ ലാത്തിയടി വീണത് പ്രഫുലൻ്റെ ശരീരത്താണ്. അതിക്രൂരമായ മർദ്ദനമേറ്റ് ഞങ്ങളെല്ലാം ചോരയിൽകുളിച്ച് നിൽക്കുമ്പോഴും സ്വന്തം വേദന വകവയ്ക്കാതെ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസിനോട് അലമുറയിടുന്ന പ്രഫുലനെ മറക്കാൻ അക്കാലത്തെ ഞങ്ങളുടെ കെഎസ് യു തലമുറയ്ക്ക് കഴിയില്ല. പിന്നെയും ഒട്ടേറെ വിദ്യാർത്ഥി, യുവജന സമരമുഖങ്ങളിൽ അതിലും ഏറെ വീറോടെ കണ്ടിട്ടുണ്ട്. മനസ്സിനും ശരീരത്തിനുമേറ്റത് ഒരു കാലത്തിനും മറക്കാൻ കഴിയാത്ത മുറിവുകളാണെന്ന് പ്രഫുലചന്ദ്രനുമായുള്ള അവസാന കൂടിക്കാഴ്ച പോലും എന്നോട് പറയുന്നുണ്ട്.

കെഎസ്‍യുവാണ് എന്നെയും പ്രഫുലചന്ദ്രനെയും ഒന്നിപ്പിച്ചത്, ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്. ഇന്ന് ഇക്കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും കെഎസ്‌യുവിന്റെ പോരാട്ടവീര്യം തന്നെ. പ്രഫുലചന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ, ഒരു പഴയ കെഎസ് യു സഹപ്രവർത്തകൻ്റെ വികാരവായ്പോടെ ഹൃദയാഞ്ജലികൾ അർപ്പിക്കുന്നു.

കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും സഹപ്രവർത്തകനായിരുന്ന മാരായമുട്ടം സുരേഷും വിദ്യാർത്ഥി യുവജന സമരമുഖങ്ങളിൽ നെഞ്ചുവിരിച്ചുനിന്ന് പ്രസ്ഥാനത്തെയും പ്രവർത്തകരെയും സംരക്ഷിച്ച നേതാവാണ്. സെക്രട്ടറിയേറ്റിന് മുന്നിലും തലസ്ഥാനത്തെ നഗരവീഥികളിലും നിരവധി സമരമുഖങ്ങളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ജില്ലാസെക്രട്ടറിയായ സുരേഷ് പിന്നീട് ഡിസിസി ജനറൽ സെക്രട്ടറിയുമായി. ഒരു പ്രതിസന്ധിയിലും പതറാത്ത പോരാളിയായിരുന്നു സുരേഷ്. സഹപ്രവർത്തകരോടും പ്രസ്ഥാനത്തോടും അചഞ്ചലമായ കൂറും പ്രതിബദ്ധതയും മരണം വരെയും പുലർത്തിയ സുരേഷിന്റെ വേർപാട് ഞങ്ങൾക്കെല്ലാം വലിയ നഷ്ടമാണ്. ആദരാഞ്ജലികൾ.

 

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026