തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും. ഇവിടെയൊരു സർക്കാരുണ്ടെങ്കിൽ നടപടിയിലേക്ക് പോകും. ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല,” എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പൂർണ പിന്തുണയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ളയാളാണ് മാത്യു കുഴൽനാടനെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു. മാത്യു കുഴൽനാടനെ സംരക്ഷിക്കാൻ തങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. സമൻസ് അയച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.