തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനമായിരുന്നു വാഹനം മോഡിഫിക്കേഷൻ നൽകാനുള്ള അനുമതി നൽകുമെന്ന്. മുഖ്യമന്ത്രി വാക്കുപാലിച്ചെങ്കിലും വാഹന ഉടമകൾ പ്രതീക്ഷിച്ച രീതിയിലുള്ള മോഡിഫിക്കേഷന് മോട്ടോർ വാഹനവകുപ്പ് അനുമതി നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിൽ വ്യക്തത വരുത്തിയ മോട്ടോർ വാഹനവകുപ്പ് സർക്കുലർ ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തിയത്. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പരിഹസിച്ചത്. .’പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’ എന്നായിരുന്നു ഗണേഷ് കുറിച്ചത്. ‘അന്നേ പറഞ്ഞു ഇത് നടക്കില്ലായെന്ന്, കാരണം കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു സംസ്ഥാനത്തിന് മാത്രമായി മാറ്റാൻ കഴിയില്ല. കോടതിയെയും കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും…’ -ഗണേഷ് കുമാർ ചോദിച്ചു.
അതേസമയം, മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിൽ പലതും മാനദണ്ഡങ്ങൾക്ക് വിധേയമായി നിലവിൽ ചെയ്യാവുന്നതാണെങ്കിലും ‘പൊതുജനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ രൂപമാറ്റങ്ങൾക്ക് അനുവാദം നൽകി’ എന്ന നിലയിലാണ് ഗതാഗത കമിഷണറേറ്റ് അവതരിപ്പിച്ചത്. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് പ്രകാരം, ഇന്ധനം മാറ്റൽ, എൻജിൻ അല്ലെങ്കിൽ ചേസിസ് മാറ്റൽ, ബോഡി ഘടന മാറ്റൽ തുടങ്ങിയ ഏത് മാറ്റങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത മാനദണ്ഡം പാലിച്ചു മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നുണ്ട്.




