കൊച്ചി: അടൂരിലെ കോൺഗ്രസിന്റെ കുറുവാ സംഘത്തെ നേരിടാൻ സി.പി.എമ്മിന് ചില വിദ്യകളുണ്ടെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യയെന്നും ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടിയിട്ട് പിന്നെയിരുന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നും ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. കണ്ണൂർ തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വയലിൽ വിചാരണ നടത്തി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് പി. ജയരാജൻ.
ഇത് ചൂണ്ടിക്കാട്ടിയാണ് ജിന്റോയുടെ കുറിപ്പ്. ‘പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ. ആ കേസിൽ ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ. ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടിയിട്ട് പിന്നെയിരുന്ന് മോങ്ങിയിട്ട് കാര്യമില്ല. ഈ വയ്യാത്ത കാലത്ത് വല്ല കാരണഭൂതൻ തിരുവാതിരയോ വ്യക്തിപൂജയോ ഒക്കെയായി കഴിയുന്നതാണ് നല്ലത്. പണ്ടത്തെ പോലെയല്ല ചുറ്റും സിസിടിവി കാമറയുണ്ട്.
കണ്ണൂരിലെ കുറുവ സംഘം കേരളം കൊള്ളയടിച്ചത് കൈയ്യോടെ പൊക്കിയപ്പോൾ ഭരണം പോയേ ഉള്ളൂ. കൊലയാളികളുടെ വിദ്യയുമായി ഇനിയും ഇറങ്ങിയാൽ പിന്നെ യമരാജന്റെ ‘വിദ്യാ’ഭ്യാസ വകുപ്പിന് തന്നെ ചിലപ്പോൾ പിള്ളേര് ബന്ദ് പ്രഖ്യാപിക്കും… പിന്നെ ബോധമില്ലായ്മ അഭിനയിച്ച് ആംബുലൻസിൽ തന്നെ കഴിയേണ്ടിവരും. അല്ല, ബോധമുണ്ടെങ്കിൽ ഈമാതിരി വിദ്യകളുമായി ഇറങ്ങില്ലല്ലോ!’ -ജിന്റോ ജോൺ പറഞ്ഞു.