ചെന്നൈ: നടൻ ജയം രവിയും (രവി മോഹൻ) സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രവി മോഹനും കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുക. നടനെതിരെ രൂക്ഷ വിമർശനമാണ് എക്സ് പ്ലാറ്റ്ഫോമുകളിൽ അടക്കം ഉയരുന്നത്. കഞ്ചാവ് ആണ് ഇരുവരും വലിക്കുന്നതെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.
രവിയും ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചന കേസിൽ നടനെ തുടക്കത്തിൽ പിന്തുണച്ചിരുന്നവർ പോലും ഇതോടെ നിലപാട് മാറ്റി. നടനോടുണ്ടായിരുന്ന ബഹുമാനം പൂർണമായും നഷ്ടപ്പെട്ടുവെന്നും കാര്യങ്ങൾ ഇപ്പോൾ പൂർണമായും മാറിമറിഞ്ഞുവെന്നും വ്യക്തമാക്കുന്ന കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്. വിഡിയോയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും നിലവിൽ ലഭ്യമല്ല. ഈ വിഷയത്തിൽ നടന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല.
‘‘വിവാഹമോചന വാർത്ത പുറത്തുവന്നപ്പോൾ ജയം രവിയെ അനുകൂലിച്ചു സംസാരിച്ചയാളാണ് ഞാൻ. കാരണം അന്ന് അദ്ദേഹത്തിന്റെ ഭാഗത്താണ് ന്യായമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വിഡിയോകൾ കാണുമ്പോൾ കാര്യങ്ങൾ എത്രത്തോളം മാറിമറിഞ്ഞു എന്ന് തിരിച്ചറിയുന്നു. എല്ലാം ഈ രീതിയിലാണ് കലാശിക്കുന്നതെന്ന് കാണുമ്പോൾ വലിയ നിരാശ തോന്നുന്നുണ്ട്; അദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനം പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഓരോ ദിവസം കഴിയുന്തോറും രവിയോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറുകയാണ്.’’ –പുറത്തായ വിഡിയോ പങ്കുവച്ച് ഒരു പ്രേക്ഷകൻ കുറിച്ചത്.






