ന്യൂഡൽഹി: വടക്കേ ഇന്ത്യയിലെ ജയിലുകളിൽ നുഴഞ്ഞുകയറി തടവുകാരെ ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) ഉൾപ്പെടെയുള്ള ഖലിസ്ഥാൻ അനുകൂല സംഘടനകൾ ജയിലുകളിലെ ശൃംഖലകൾ ഉപയോഗിച്ച് പുതിയ പ്രവർത്തകരെ കണ്ടെത്താൻ ശ്രമിക്കുന്നതായാണ് ഏജൻസികളുടെ കണ്ടെത്തൽ.
ഈ അടുത്തിടെ അറസ്റ്റിലായ ഒരു പ്രവർത്തകൻ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിന് നിർണായകമായത്. പട്യാല ജയിലിൽ കഴിയുന്നതിനിടെ തന്നെ ഖലിസ്ഥാൻ അനുകൂല സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടെന്നും ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ലഭിച്ചെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ആശയവിനിമയങ്ങളുടെ വിവരങ്ങൾ, പണം കൈമാറാൻ ഉപയോഗിച്ച ‘ഡെഡ് ഡ്രോപ്പ്’ സംവിധാനങ്ങൾ, ജയിലുകളെ കേന്ദ്രീകരിച്ചുള്ള റിക്രൂട്ട്മെന്റ് ശൃംഖല എന്നിവ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള മൊഡ്യൂളുകൾ പണം, ആയുധങ്ങൾ, മറ്റ് നിർദേശങ്ങൾ എന്നിവ കൈമാറുന്നതിനായി ഡെഡ് ഡ്രോപ്പ് രീതിയെ കൂടുതൽ ആശ്രയിക്കുന്നതായും ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ഒറ്റപ്പെട്ട ഹൈവേ മേഖലകൾ, അതിർത്തി പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിൽ പണം, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ ഒളിപ്പിച്ച് പിന്നീട് പ്രാദേശിക പ്രവർത്തകർ അവ ശേഖരിക്കുന്ന രീതിയാണ് ഡെഡ് ഡ്രോപ്പ്. വിദേശത്തുള്ള ഹാൻഡ്ലർമാരും സ്ഥലത്തെ പ്രവർത്തകരും തമ്മിൽ നേരിട്ടുള്ള ബന്ധം ഒഴിവാക്കാൻ ഈ രീതിയിലൂടെ സാധിക്കുന്നു.
അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകളിലൂടെയോ രഹസ്യ കൊറിയർമാരിലൂടെയോ എത്തിക്കുന്ന ആയുധങ്ങളും പണവും നിശ്ചിത സ്ഥലങ്ങളിൽ ഒളിപ്പിച്ച ശേഷം അവയുടെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്‌ഫോമുകളായ സിഗ്നൽ പോലുള്ള ആപ്പുകൾ വഴി പ്രാദേശിക പ്രവർത്തകർക്ക് കൈമാറുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
അതേസമയം ജയിലുകളെ ഇത്തരം റിക്രൂട്ട്മെന്റിനായി ഉപയോഗിക്കുന്ന രീതി പുതിയതല്ലെന്നും 2016ലെ നാഭ ജയിൽ ചാടിപ്പോകൽ സംഭവം ഇതിന് ഉദാഹരണമാണെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഭീകര സംഘടനകളും ജയിലുകളിൽ കഴിയുന്ന ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള ബന്ധം അന്നത്തെ സംഭവത്തിലൂടെ പുറത്തുവന്നിരുന്നു.
ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെയാണ് റിക്രൂട്ടർമാർ ലക്ഷ്യമിടുന്നതെന്നാണ് കണ്ടെത്തൽ. ആദ്യമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, ചെറിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്നവർ, നിയമസഹായവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തവർ എന്നിവരെ വിവിധ വാഗ്ദാനങ്ങളിലൂടെയോ സഹായങ്ങളിലൂടെയോ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് വിവരം.
ഏറ്റവും പുതിയ കേസിൽ എസ്ഫ്ജെ പിന്തുണയുള്ള ഒരു മൊഡ്യൂൾ അന്വേഷണ ഏജൻസികൾ തകർത്തതായും പ്രീത്‌പാൽ സിങ് എന്നയാളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഇയാളും കൂട്ടാളികളും ഡൽഹിയിലും പഞ്ചാബിലുമുള്ള വിവിധ സ്ഥലങ്ങളിൽ ബ്രിക്സ് വിരുദ്ധവും ഖലിസ്ഥാൻ അനുകൂലവുമായ ഗ്രാഫിറ്റികൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതുകയും അതിന്റെ ദൃശ്യങ്ങൾ പന്നുവിന് അയയ്ക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
പ്രീത്‌പാൽ സിങ്ങിന് ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുമായി മുൻപും ബന്ധമുണ്ടായിരുന്നു. സമാനമായ സംഭവത്തിൽ 2023ലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെയാണ് പന്നുവുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ലഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2026ൽ ജയിൽ മോചിതനായ ശേഷം പ്രീത്‌പാൽ സിങ് പന്നുവുമായി നേരിട്ട് ബന്ധപ്പെടുകയും തുടർന്ന് ഫരീദ്‌കോട്ട്–അമൃത്‌സർ ഹൈവേയിലെ ഒരു ഡെഡ് ഡ്രോപ്പ് കേന്ദ്രത്തിൽനിന്ന് 1.5 ലക്ഷം രൂപ സ്വീകരിക്കുകയും ചെയ്തതായി ഏജൻസികൾ പറയുന്നു. തുടർന്ന് ഡൽഹിയിൽ നടത്തേണ്ട ദൗത്യത്തിനായി ജാമ്യത്തിലിറങ്ങിയ മറ്റൊരു മുൻ തടവുകാരനെയും ഇയാൾ റിക്രൂട്ട് ചെയ്തതായി കണ്ടെത്തി.
അതേസമയം ജയിലുകളിലെ റിക്രൂട്ട്മെന്റ് ശൃംഖല, എൻക്രിപ്റ്റഡ് ആശയവിനിമയം, ഡെഡ് ഡ്രോപ്പ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ, ഡ്രോൺ വഴി ആയുധങ്ങളും പണവും എത്തിക്കുന്ന സംവിധാനം എന്നിവ തമ്മിൽ ബന്ധമുണ്ടോയെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരാരാണെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.





