വാഷിങ്ടൺ: ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇറാന് ഉപരോധ ഇളവുകളും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുന്നതും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ട് തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരം റിപ്പോർട്ടുകൾ അസത്യമാണെന്നും ഇറാന് താൻ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്റെ ആണവ പദ്ധതിയിൽ വ്യക്തമായ ഇളവുകൾ വരുത്തിയാൽ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളിലേക്ക് പ്രവേശനം അനുവദിക്കാനും ട്രംപ് തയ്യാറാണെന്നായിരുന്നു അമേരിക്കൻ മാധ്യമമായ ആക്സിയോസിന്റെ റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ട്രംപ് പൂർണമായി നിഷേധിച്ചു.
ആക്സിയോസ് പുറത്തുവിട്ട റിപ്പോർട്ട് ‘അസത്യമാണ്’ എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാന് താൻ യാതൊരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും റിപ്പോർട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ തുടരുകയാണ്. ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥരുടെ ഇടപെടലിലൂടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ പരോക്ഷ ചർച്ചകൾ നടക്കുന്നത്. യുഎസ് പ്രതിനിധികളും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ന്യൂയോർക്കിൽ ചർച്ചകൾ നടന്നിരുന്നു.
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതും ഉൾപ്പെടുന്നു. ഇതിനായി അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ഇറാന്റെ എണ്ണവിൽപ്പനയ്ക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തുകയും വേണമെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മധ്യസ്ഥരുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്. ഏറ്റവും പുതിയ ഇറാൻ നിർദേശം ട്രംപ് തള്ളിയെങ്കിലും ചർച്ചകൾ വീണ്ടും നടക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






