ഗുവാഹത്തി: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ പടുകൂറ്റൻ റൺമല തീർത്ത് വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡിസ് 406 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലേക്ക് വച്ചത്. അമീർ ജാംഗോ (114), ജോൺ കാംപെൽ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളാണ് വിൻഡീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
അതേസമയം ഏകദിന ചരിത്രത്തിൽ ആദ്യമായിട്ടാണ് വിൻഡീസ് 400 റൺസ് നേടുന്നത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ത്തിന് മുന്നിലാണ്.
തുടക്കത്തിൽ തന്നെ വിൻഡീസിന് ഓപ്പണർ കീസി കാർട്ടിയുടെ (9) വിക്കറ്റ് നഷ്ടമായിരുന്നു. പരിക്കേറ്റ് ജസ്റ്റിൻ ഗ്രീവ്സിന് പകരം ഓപ്പണറായെത്തിയ താരത്തെ പ്രസിദ്ധ് കൃഷ്ണ, നമൻ ധിറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ മൂന്നാമനായിറങ്ങിയ കാംപെൽ – ഹോപ്പ് സഖ്യം 110 റൺസ് കൂട്ടിചേർത്തു. ഇതിനിടെ കാംപെൽ തന്റെ സെഞ്ചുറിയും പൂർത്തിയാക്കി. 68 പന്തുകൾ മാത്രം നേരിട്ട താരം അഞ്ച് സിക്സും ഒമ്പത് ഫോറും ഉൾപ്പെടെയാണ് 101 റൺസ് അടിച്ചത്.
പിന്നാലെയെത്തിയ ജാംഗോയും ഉത്തരവാദിത്തം ഭംഗിയാക്കി. ക്യാപ്റ്റൻ ഹോപ്പിനൊപ്പം 182 റൺസ് ചേർക്കാൻ ജാംഗോയ്ക്ക സാധിച്ചു. 40-ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. കുൽദീപ് യാദവിന്റെ പന്തിൽ അക്വിബ് നബിക്ക് ക്യാച്ച് നൽകി ഹോപ്പ് മടങ്ങി. 94 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും എട്ട് ഫോറും നേടിയിരുന്നു. പിന്നാലെ വിൻഡീസിന്റെ ഇന്നിംഗ്സിന് വേഗം കുറയുകയാണ് ചെയ്തത്. ഷെഫാനെ റുതർഫോർഡ് (0) നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. ബ്രാറിനായിരുന്നു വിക്കറ്റ്.
ഇതിനിടെ സെഞ്ചുറി പൂർത്തിയാക്കിയ ജാംഗോ 43-ാം ഓവറിലും പുറത്തായി. ജഡേജയുടെ പന്തിൽ റുതുരാജ് ഗെയ്ക്വാദിന് ക്യാച്ച് നൽകുകയായിരുന്നു. കീമോ പോൾ (3), അൽസാരി ജോസഫ് (8) എന്നിവർക്ക് തിളങ്ങാൻ കഴിയാതെ പോയി. റോസ്റ്റൺ ചേസിനാവട്ടെ (25 പന്തിൽ 29), റൺസെടുത്തു പുറത്തായി. ഷമാർ ജോസഫ് (8 പന്തിൽ 14) ചേസിനൊപ്പം പുറത്താവാതെ നിന്നു. 10 ഓവർ എറിഞ്ഞ ബ്രാർ 96 റൺസ് വഴങ്ങി. ജഡേജ 75 റൺസും കുൽദീപ് 65ഉം വിട്ടുകൊടുത്തു. 8.5 ഓവർ എറിഞ്ഞ അരങ്ങേറ്റക്കാരൻ അക്വിബ് നബി 84 റൺസാണ് വഴങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 12 ഓവറിൽ 106 റൺസെടുത്തു. 57 റൺസുമായി രോഹിത്തും 45 റൺസുമായി ഗില്ലുമാണ് ക്രീസിൽ.




