തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരായ അന്വേഷണമാണ് സ്റ്റേ ചെയ്തത്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മറ്റുള്ളവരും നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ കെ.എം. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജികൾ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് ഇതിനുമുമ്പ് മെറിറ്റിലേക്ക് കടക്കാതെ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് പിണറായി അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീലുകൾ വിശദമായി കേൾക്കണമെന്ന് കഴിഞ്ഞാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി അപ്പീൽ പരിഗണിക്കുകയും സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും ഉണ്ടായത്. ‘നാല് അപ്പീലുകളും ഫയലിൽ സ്വീകരിക്കുന്നു. തൽഫലമായി, ചോദ്യം ചെയ്യപ്പെടുന്ന ഈ കോടതിയിലെ സിംഗിൾ ബെഞ്ചിന്റെ വിധി അടുത്ത വാദം കേൾക്കുന്ന തീയതി വരെ സ്റ്റേ ചെയ്യുന്നു. എഫ്ഐആറിന്മേലുള്ള തുടർ അന്വേഷണം അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കുന്നു,’ കോടതി വ്യക്തമാക്കി.