ഗാന്ധിനഗർ: സാമൂഹിക മാധ്യമത്തിലെ കമന്റുകളെച്ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെ വീടിനു നേരെ കല്ലേറ് നടത്തിയെന്ന ആരോപണത്തിൽ ഒൻപത് മുസ്‌ലിം യുവാക്കളെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തി ഗുജറാത്ത് പോലീസ്. താപി ജില്ലയിലെ സോംഗഢ് പട്ടണത്തിലാണ് സംഭവം. നവരാത്രിയുമായി ബന്ധപ്പെട്ട ഒരു സാമൂഹിക മാധ്യമ പോസ്റ്റിലെ കമന്റുകളെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്നാണ് നടപടി. മോത്തി മസ്ജിദുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പരാമർശം നടത്തിയ വ്യക്തിയുടെ വീടിന് നേരെ കല്ലെറിഞ്ഞെന്ന ആരോപണത്തിലാണ് ഇവരെ പോലീസ് പിടികൂടി പൊതുനിരത്തിലൂടെ പരേഡ് നടത്തിയത്.
ഒക്ടോബർ 20നായിരുന്നു സംഭവം. നവരാത്രിയുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ മോത്തി മസ്ജിദിനെക്കുറിച്ച് അധിക്ഷേപകരമായ കമന്റ് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് റിപ്പോർട്ടുകൾ. പരാതിക്കാരന്റെ മകൻ സമൂഹമാധ്യമത്തിൽ മോശം പരാമർശം നടത്തിയതിൽ പ്രകോപിതരായി ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘം ഇയാളുടെ വീടിന് മുന്നിലെത്തി കല്ലെറിഞ്ഞെന്നാണ് പരാതി.
ഇതിനുപിന്നാലെ വൈകിട്ട് അഞ്ചോടെ 20 മുതൽ 25 വരെ ആളുകൾ തന്റെ വീടിനു മുന്നിൽ ഒത്തുകൂടി കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വാതിൽ അടച്ചിട്ടിട്ടും സംഘം കല്ലേറ് തുടർന്നുവെന്നും യുവാവ് ആരോപിച്ചു.
സംഘം വീടിനു മുന്നിലെത്തിയതോടെ അടിയന്തര സഹായത്തിനായി 112 എന്ന നമ്പറിൽ വിളിച്ചിരുന്നുവെന്ന് യുവാവ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് തന്നെ സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുന്നതിനിടെ ചിലർ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇതോടെ താൻ വീണ്ടും വീടിനുള്ളിലേക്ക് ഓടിക്കയറിയെന്നും യുവാവ് ആരോപിച്ചു.
കല്ലേറിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. താപി ജില്ലാ പോലീസ് മേധാവി ഋഷഭ് ഗാർഗ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൂടുതൽ പോലീസുകാരെയും വിന്യസിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകശ്രമം, കലാപം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ തിരിച്ചറിയലും സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണ്. കേസിൽ കസ്റ്റഡിയിലെടുത്ത ഒൻപത് യുവാക്കളെയാണ് പിന്നീട് കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തിയത്. ഇവർക്കെതിരായ ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
സംഭവത്തിനു പിന്നാലെ സോംഗഢ് പോലീസ് സ്റ്റേഷനു മുന്നിൽ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണവിധേയരുമായി ബന്ധമുള്ളതായി പറയപ്പെടുന്ന അനധികൃത കൈയേറ്റങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സോംഗഢിൽ അനിശ്ചിതകാല അടച്ചിടൽ പ്രഖ്യാപിക്കാനായിരുന്നു ചില സംഘടനകളുടെ നീക്കം. എന്നാൽ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് ഈ ആഹ്വാനം പിൻവലിച്ചു.
പോലീസ് സമയോചിതമായി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഈശ്വർ പർമാർ പറഞ്ഞു. പ്രദേശവാസികൾ സമാധാനം പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പോലീസ് അഭ്യർഥിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Location: Songadh, Gujarat
Police paraded 9 Muslim youths on the streets with ropes tied around them after they were accused of pelting stones at the home of a man who allegedly made offensive comments about Moti Masjid on social media. https://t.co/06Isg3Haye
— The Muslim (@TheMuslim786) October 21, 2026