പത്തനംതിട്ട: കലഞ്ഞൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി നാലംഗ സംഘം പിടിയിൽ. പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതായും പൊലീസ് അറിയിച്ചു.
അടൂർ പഴകുളം സ്വദേശി ലൈജു, നൂറനാട് സ്വദേശികളായ ശ്യാം, അരുൺ, കിരൺ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമിന്റെയും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിൽ കൂടൽ പൊലീസുമായി ചേർന്നാണ് നടപടി.
കലഞ്ഞൂർ കരിച്ചന്നൂരിലെ ലൈജുവിന്റെ വാടകവീട്ടിൽനിന്ന് കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ കാറിൽ കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം പ്രതികളെ പിന്തുടരുകയായിരുന്നു. കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ പൊലീസ് ജീപ്പ് നിർത്തി വാഹനം തടഞ്ഞപ്പോഴാണ് സംഘം പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചത്. തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാറിൽനിന്ന് 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എംഡിഎംഎ, 2.303 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ഒരു മാസത്തോളമായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാന പ്രതിയായ ലൈജുവിനെതിരെ നിരവധി മയക്കുമരുന്ന് കേസുകളും കാപ്പ കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും ആന്ധ്രപ്രദേശിലുമായി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയും നിരവധി മയക്കുമരുന്ന് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.





