ഇടുക്കി: മദ്യലഹരിയില്‍ മേലുദ്യോഗസ്ഥനെ തെറി വിളിച്ച വനം വകുപ്പ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. തേക്കടി റേഞ്ചിലെ ഫോറസ്റ്റ് ഡ്രൈവര്‍ ബേബി ജോസഫിനെതിരെയാണ് നടപടി. മേലുദ്യോഗസ്ഥൻ വീട്ടുമുറ്റത്ത് മരം നടാത്തതിലാണ് ഇയാള്‍ പ്രകോപിതനായത്. തിരുവനന്തപുരത്തെ വീട്ടുമുറ്റത്ത് മരങ്ങളില്ലെന്ന് പറഞ്ഞ് കോട്ടയം സിസിഎഫ് പി.പി പ്രമോദിനെ അസഭ്യം പറയുന്ന ശബ്ദ സന്ദേശം ഇയാള്‍ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയായിരുന്നു.
ബേബി ജോസഫിന്റേത് ഗുരുതര അച്ചടക്കരാഹിത്യം എന്ന് കാട്ടിയാണ് നടപടി. പി.പി പ്രമോദ് ആവശ്യപ്പെട്ട പ്രകാരം തേക്കടിയില്‍ നിന്ന് വനം വകുപ്പിന്റെ വാഹനവുമായി തിരുവനന്തപുരത്തെ വീട്ടിലെത്തിയതായിരുന്നു ബേബി ജോസഫ്. തിരുവനന്തപുരത്ത് എത്തിയപ്പോൾ ഒരു മണിക്കൂർ വൈകിയെന്നും തുടർന്ന് സിസിഎഫ് തന്നെ വെയിലത്ത് നിർത്തിയെന്നും തണലിനായി മുറ്റത്ത് ഒരു മരം പോലും ഉണ്ടായിരുന്നില്ലെന്നുമാണ് ബേബി ജോസഫ് പറയുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥനായിട്ടും പി.പി പ്രമോദ് എന്തുകൊണ്ട് വീട്ടുമുറ്റത്ത് മരം നടുന്നില്ലെന്നും ഇയാൾ ശബ്ദസന്ദേശത്തിൽ ചോദിക്കുന്നുണ്ട്. അതേസമയം പി.പി പ്രമോദ് തേക്കടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വാഹനം വിളിച്ചുവരുത്തിയിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.




