കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിൽ കൗമാരക്കാരനെ കണ്ണുകെട്ടി പെട്രോളൊഴിച്ച് തീകൊളുത്തിയതായി പരാതി. ആക്രമണം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ റീൽ പങ്കുവെക്കുന്നതിനായി പ്രതികൾ ചിത്രീകരിച്ചതായാണ് പോലീസിന്റെ സംശയം. ഒക്ടോബർ 27ന് നടന്ന സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം, 500 രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇരയുടെ കുടുംബം ആരോപിക്കുന്നത്. ആറുമാസം മുമ്പ് പ്രതികളിലൊരാളിൽനിന്ന് കൗമാരക്കാരൻ 500 രൂപ കടം വാങ്ങിയിരുന്നുവെന്നും പിന്നീട് പണം തിരിച്ചുനൽകിയിട്ടും ഇയാളെ ആക്രമിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.
ആക്രമണത്തിൽ നെഞ്ചിലും വയറിലും പൊള്ളലേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംഭവത്തിന്റെതെന്ന് കരുതുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച നിലയിൽ നിൽക്കുന്ന കൗമാരക്കാരന്റെ ശരീരത്തിലേക്ക് സ്കൂട്ടറിന്റെ സ്റ്റോറേജ് ഭാഗത്തുനിന്ന് പെട്രോൾ കുപ്പിയെടുത്ത് ഒരാൾ ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് മറ്റൊരാൾ തീപ്പെട്ടി പെട്ടി കൂട്ടാളിയുടെ നേരെ എറിയുന്നു. ഇയാൾ തീപ്പെട്ടിക്കൊള്ളി ഉരച്ച് കൗമാരക്കാരന്റെ ശരീരത്തിലേക്ക് എറിയുന്നതോടെ തീ ആളിപ്പടരുകയായിരുന്നു.
ശരീരത്തിൽ തീ പടർന്നതോടെ കൗമാരക്കാരൻ നിലവിളിച്ചുകൊണ്ട് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ ഓടിയെത്തി തീ അണയ്ക്കാനും കുട്ടിയെ രക്ഷിക്കാനും ശ്രമിച്ചു.
സോഷ്യൽ മീഡിയ റീലിനായി ആക്രമണം ചിത്രീകരിച്ചെന്ന് പൊലീസ്
വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൗമാരക്കാരനെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി ലെനിൻ നഗറിലെ ഒരു കുളത്തിന് സമീപത്തേക്ക് കൊണ്ടുപോയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് കണ്ണുകെട്ടുകയും തലയിൽ നിർബന്ധിച്ച് ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്തു. ഹെൽമറ്റ് ഊരിമാറ്റാൻ ശ്രമിച്ച് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പെട്രോൾ കുടിപ്പിക്കാൻ പോലും ശ്രമിച്ചെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
ആക്രമണം സോഷ്യൽ മീഡിയയിൽ റീലായി പങ്കുവെക്കുന്നതിനായി പ്രതികൾ ചിത്രീകരിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. എന്നാൽ ഇതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ഗർഫ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന വീഡിയോ വിശദമായി പരിശോധിച്ചുവരികയാണെന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്ത് സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.