ലക്നൗ: ഗ്രേറ്റർ നോയിഡയിൽ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 3 മുതൽ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികളെയും ദമ്പതികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബത്തെ മരിച്ച നിലയിൽ കണ്ടതായി റബുപുര പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ വിവരം ലഭിച്ചു. ഇതേതുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി കുടുംബം നൂഡിൽസ് തയാറാക്കി കഴിച്ചതായി മഹേഷിന്റെ മാതാവ് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി ശാസ്ത്രീയ പരിശോധനയും നടത്തി.