തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. അഭിരാം കൊല്ലപ്പെട്ടതിനു പിന്നാലെ സുഹൃത്തായ ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു കുറിപ്പും കൊലപാതകത്തിനു തൊട്ടുതലേന്ന് അഭിരാമും മറ്റുചിലരുമായി ഉണ്ടായ വാക്കേറ്റത്തിന്റെ വിഡിയോയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സുഹൃത്തായ പെൺകുട്ടി ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത്. തനിക്ക് കേസിൽ പങ്കില്ലെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്നീട് ഡിലീറ്റാക്കി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് പോസ്റ്റിട്ടത്. ‘ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്.
എന്തിനാണ് അവനെ വിളിച്ചു വരുത്തിയതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’- എന്നാണു പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു. ഇതു വീണ്ടെടുക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ഈ പെൺകുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽനിന്നു മൊഴി ശേഖരിക്കും. അഭിരാം കൊല്ലപ്പെടുന്നതിനു തൊട്ടുതലേന്നു മറ്റൊരു സംഘം അഭിരാമിനെ തടഞ്ഞുവയ്ക്കുന്നിന്റെയും തർക്കിക്കുന്നതിന്റെയും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
കൂട്ടുകാരുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ച വിഡിയോയാണ് പൊലീസിനു ലഭിച്ചത്. ഇതിലുള്ള കുട്ടികളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. അഭിരാമിന്റെ ഫോണിൽനിന്നു സംഭവദിവസം വിളിച്ചവരെയും പൊലീസ് വിളിപ്പിച്ചു മൊഴിയെടുക്കും. കൊലയാളികൾ യഥാർഥത്തിൽ കെണിയൊരുക്കിയതു അഭിരാമിന്റെ സൃഹൃത്തായ മറ്റൊരു പതിനേഴുകാരനു വേണ്ടിയായിരുന്നു. അഭിരാമിനെ കൊണ്ട് വിളിപ്പിച്ചെങ്കിലും സുഹൃത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്കു വരാൻ കൂട്ടാക്കിയില്ല. ഈ സുഹൃത്തിൽനിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.