കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയേണ്ടിവരുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് മുൻ കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി. അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ഫ്ലാറ്റിലുള്ളതെന്നും ഇതിന്റെ പേരിൽ കെട്ടിടം പൊളിച്ചുകളയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർമാണത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നതായും മാക്സി അവകാശപ്പെട്ടു. കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം യാഥാർഥ്യം മനസ്സിലാക്കാതെ പൊളിച്ചുകളയണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റിലെ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കുടുംബങ്ങളെ അവിടെത്തന്നെ താമസിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും മാക്സി വ്യക്തമാക്കി.
നിർമാണത്തിൽ അപാകതയുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്നാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം കെട്ടിടം പൊളിച്ചുകളയുക എന്നതല്ല പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം സുരക്ഷിതമല്ലെന്ന് ആരാണ് പറഞ്ഞതെന്നും മാക്സി ചോദിച്ചു.
ഫ്ലാറ്റിലെ താമസക്കാർ നേരത്തെ തങ്ങൾക്കൊപ്പമായിരുന്നുവെന്നും സർക്കാർ മാറിയതോടെ അവരുടെ നിലപാടിൽ മാറ്റമുണ്ടായെന്നും മാക്സി ആരോപിച്ചു. പുനരധിവാസം ആവശ്യപ്പെട്ട് താമസക്കാർ കോൺഗ്രസ് നേതാക്കളെ സമീപിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. താമസക്കാരുടെ പരാതികളിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാപരമല്ലെന്നും മാക്സി അവകാശപ്പെട്ടു.
അതേസമയം, മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ ഗുരുതരമായ നിർമാണ, ശുചിത്വ പ്രശ്നങ്ങളുണ്ടെന്നും അറ്റകുറ്റപ്പണിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനേക്കാൾ കൂടുതൽ ചെലവ് വരുമെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. കെട്ടിടം പൊളിക്കേണ്ടിവരുമെന്നും നിർമാണത്തിന് ചെലവഴിച്ച കോടിക്കണക്കിന് രൂപയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.




