കൊച്ചി: എറണാകുളം മാർക്കറ്റിലെ പ്രസിദ്ധമായ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) നേരെയുണ്ടായ തീവെയ്പ്പിൽ തീവ്രവാദബന്ധം സംശയിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി.പോളിനെ (32) പോലീസ് പിടികൂടി. കേന്ദ്ര ഏജൻസികളടക്കം ഇയാളെ ചോദ്യം ചെയ്തു എന്നാണ് വിവരം.
തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനു മുൻവശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളും ഫ്ലെക്സുകളും അക്രമി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പെോലീസ് സംരക്ഷണമുണ്ട്. പക്ഷെ തീകൊളുത്തിയത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
പുലർച്ചെ നീല നിറമുള്ള കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുകയും തുടർന്ന് മാറിനിന്നു തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു. ഇക്കാര്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. രാവിലെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഒട്ടേറെപ്പേരിൽനിന്നു വിവരങ്ങൾ ശേഖരിച്ചും കാറിന്റെ നമ്പർ കണ്ടെത്തി.
പിന്നീട് കാർ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി പുത്തൻകുരിശിലെ ഒരു വില്ലയിൽ വാടകയ്ക്കു താമസിക്കുകയാണെന്നു കണ്ടെത്തുകയായിരുന്നു. പോലീസ് എത്തിയപ്പോൾ വീടിനുള്ളിൽ ആരുമില്ലെന്ന രീതിയിലാണ് ഇയാൾ പെരുമാറിയതെങ്കിലും പ്രതിയുടെ വീട്ടുകാരുമായെത്തി നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി അസ്വാഭാവികമായാണു പെരുമാറിയത് എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇതോടെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശമനുസരിച്ചാണ് ഇയാൾ പ്രവർത്തിച്ചത് എന്നതിന്റെ സൂചനകൾ പോലീസിനു ലഭിച്ചു. ഇത് ആരുടേതാണെന്നു വ്യക്തമായിട്ടില്ല. മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും പ്രതി സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ പറയുന്നു. നിലവിൽ റിമാൻഡിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
അതേസമയം സെൻട്രൽ പൊലീസ് നൽകിയ വിവരമനുസരിച്ച് പുത്തൻകുരിശ് പോലീസ് ഇയാൾ താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ ലഹരി മരുന്നുകൾ പിടികൂടിയത്. വെള്ള ഹെറോയിൻ – 3.613 ഗ്രാം, ബ്രൗൺ ഹെറോയിൻ – 2.736 ഗ്രാം, ഓക്സികോഡോൺ – 2.361 ഗ്രാം, ഫെന്റനൈൽ – 5.264 ഗ്രാം, ആൽപ്രാസോലം – 20.171 ഗ്രാം, കെറ്റാമിൻ – 50.883 ഗ്രാം, കെ-റോക്ക് – 20.675 ഗ്രാം എന്നിവയാണു പിടിച്ചെടുത്തത്. സിനഗോഗ് ആക്രമണത്തിൽ എറണാകുളം സെൻട്രൽ പോലീസും ലഹരി മരുന്ന് പിടികൂടിയതിൽ പുത്തൻകുരിശ് പോലീസും കേസെടുത്തു.