നാഗർകോവിൽ: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കൈകൾ കെട്ടിയിട്ട ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി 20 പവൻ ആഭരണങ്ങളും 25,000 രൂപയും കവർന്നു. വടിവീശ്വരത്തിനു സമീപം തേരടിമൂട് സ്വദേശി ചിന്നമ്മ (78) ആണ് കൊല്ലപ്പെട്ടത്.
പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ഒരു മകൾ പതിവുപോലെ ആഹാരം കൊടുക്കാൻ വീട്ടിൽ എത്തിയിരുന്നു. വൈകീട്ട് മറ്റൊരു മകൾ എത്തിയപ്പോഴാണ് ചിന്നമ്മയെ കഴുത്തറത്ത നിലയിൽ കണ്ടത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നിരുന്നു. കോട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൈകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്നും കവർച്ചയ്ക്കായി കൊലപാതകം നടത്തിയതായിരിക്കുമെന്നും പോലീസ് പറയുന്നു.






