കോഴിക്കോട്: മരിച്ചുപോയ സഹോദരൻ വാങ്ങിയ അഞ്ചുലക്ഷം രൂപയുടെ കടബാധ്യതയിൽ വീട് ജപ്തി ചെയ്തതോടെ തെരുവിലായി രണ്ട് സഹോദരിമാർ. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ പ്രേമയെയും അമൃതവല്ലിയെയുമാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥരെത്തി വീട്ടിൽനിന്ന് ഇറക്കിയത്. സഹോദരനായ അന്തരിച്ച രാജഗോപാൽ നായർ ഫറോക്ക് സ്വദേശിയായ സ്വകാര്യ വ്യക്തിയിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇക്കാര്യം അറിയുന്നത് ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണെന്ന് സഹോദരിമാർ പറയുന്നു. വീടു നഷ്ടമായതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് ഇരുവരും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥസംഘം വീട്ടിലെത്തിയത്. ഒരു കാരണവശാലും വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു സഹോദരിമാർ. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഇരുവരുടെയും എതിർപ്പ് മറികടന്ന് വീട്ടിൽനിന്ന് പുറത്താക്കി ജപ്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു. അതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമൊന്നും ഉണ്ടായില്ലെന്നും സഹോദരിമാർ പറഞ്ഞു.
രാജഗോപാൽ നായർ എന്തിനാണ് അഞ്ചുലക്ഷം രൂപ വായ്പ വാങ്ങിയതെന്ന് ഇപ്പോഴും ഇവർക്ക് അറിയില്ല. സ്വന്തം ആവശ്യത്തിനാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോ പണം വാങ്ങിയതെന്ന കാര്യത്തിലും വ്യക്തതയില്ല. ജപ്തിക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് വായ്പയെക്കുറിച്ച് അറിയുന്നത്. പിന്നീട് കോടതിയിൽനിന്ന് രേഖകൾ ശേഖരിക്കുന്നതിന് കാലതാമസമുണ്ടായതിനാൽ സംഭവത്തിന്റെ വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കാനും കഴിഞ്ഞില്ലെന്നാണ് ഇവരുടെ വിശദീകരണം. അമ്മ നൽകിയ വീട് നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന വേദനയിലാണ് വയോധികരായ സഹോദരിമാർ.
പ്രായാധിക്യവും ആശ്രയിക്കാൻ മറ്റാരുമില്ലാത്ത സാഹചര്യവും പരിഗണിച്ച് സഹോദരിമാരോട് കരുണ കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തങ്ങൾക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും പ്രേമയും അമൃതവല്ലിയും ആവശ്യപ്പെടുന്നു. നീതി തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് ഇരുവരുടെയും തീരുമാനം. അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സ്വന്തം വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സഹോദരിമാർ.