കോഴിക്കോട്: കൊടുവള്ളിയിൽ പെരുന്നാൾ തലേന്ന് ദേശീയ പാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് ആഘോഷം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദീർഘദൂര യാത്രക്കാരടക്കം ഏറെ നേരം നടുറോഡിൽ കുടുങ്ങി. കോഴിക്കോട് കൊല്ലഗൽ ദേശീയ പാത തടസ്സപ്പെടുത്തിയായിരുന്നു ഒരു കൂട്ടം യുവാക്കളുടെ അതിരുവിട്ട ആഘോഷം.
തിരക്കേറിയ റോഡിൽ ബസ്സ് സ്റ്റാന്റിനു സമീപം റോഡിനു നടുവിൽ ആയിരുന്നു പടക്കം പൊട്ടിച്ചും വാഹനങ്ങൾ നിർത്തിച്ചും അപകടാവസ്ഥ സൃഷ്ടിച്ചും ആഘോഷം.
ഏറെ സമയം ഗതാഗത തടസ്സം നേരിട്ടതോടെ അതുവഴി വന്ന യാത്രക്കാർ പ്രതിഷേധവുമായി എത്തിയത് തർക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കി.
















































