കൊച്ചി; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ. ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന സംഘം തന്നെ മർദിച്ചുവെന്ന് കാട്ടി ഡോ. ജോൺസൺ പരാതി നൽകിയതിനു പിന്നാലെ നടിയുടെ ബന്ധുവായ അൻപതുകാരി പരാതിയുമായി ഇൻഫോപാർക്ക് പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ നൽകിയ കേസിനെ പ്രതിരോധിക്കാൻ ഉണ്ടാക്കിയതാണ് ബലാത്സംഗ പരാതിയെന്നാണ് ഡോ. ജോൺസന്റെ ആരോപണം.
അതേസമയം ഒക്ടോബർ 10ന് ഇൻഫോപാർക്കിലെ ഹോട്ടലിൽ വച്ച് ജോൺസൺ തന്നെ പീഡിപ്പിച്ചെന്നാണ് അൻപതുകാരിയുടെ പരാതി. ഈ ആരോപണം പൂർണമായും തെറ്റാണെന്ന് ജോൺസന്റെ ഹർജിയിൽ പറയുന്നു. ഒക്ടോബർ 10 ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ നവംബർ 4 ന് ശേഷമാണു പരാതി നൽകിയത്. ഇതിൽ അസ്വാഭാവികമായ കാലതാമസമുണ്ട്. തനിക്കെതിരെയുള്ള കേസിനു പിന്നിൽ ഗൂഢാലോചനയുണ്ട്.
ഈ മാസം രണ്ടിന്, പരാതിക്കാരിയുടെ ബന്ധു അതുല്യ ആവശ്യപ്പെട്ടതനുസരിച്ച് കടവന്ത്രയിലെ ഒരു ഫ്ലാറ്റിലെത്തിയ തന്നെ പന്ത്രണ്ടംഗ സംഘം ആക്രമിക്കുകയും 3 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ താൻ നൽകിയ പരാതിയിൽ അതുല്യ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കടവന്ത്രയിലെ ഈ സംഭവത്തിന് ശേഷമാണ് തനിക്കെതിരെ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ ബലാത്സംഗ പരാതി നൽകിയത്.
ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിനാണ് തന്നെ ബന്ധപ്പെട്ടതെന്നാണ് പരാതിക്കാരി പോലീസിനോടു പറഞ്ഞത്. വൈകിട്ട് താൻ അവരെ ഇൻഫോപാർക്കിലെ ഹോട്ടലിലെത്തി കൂട്ടിക്കൊണ്ടു പോയിയെന്നും ഒരുമിച്ച് മദ്യപിച്ചുവെന്നും അവർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഈ സമയം ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടപ്പോൾ മുറിയെടുത്ത് വിശ്രമിച്ചെന്നും പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി അറിഞ്ഞതെന്നും ഇക്കാര്യം ഡ്രൈവറേയും കുടുംബക്കാരെയും അറിയിച്ചെന്നും പരാതിക്കാരി പറയുന്നുണ്ട്. എന്നാൽ പ്രായപൂർത്തിയായ രണ്ടു പേർ ഒരുമിച്ച് മദ്യപിച്ചു എന്നതുകൊണ്ടോ ഒരു മുറിയിൽ കയറി എന്നതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു സ്ഥാപിക്കാനാവില്ല. സംഭവം നടന്നുവെന്ന് പറയുന്ന അന്നോ പിറ്റേന്നോ പരാതി നൽകാതെ, താൻ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായി എത്തിയത് ദുരൂഹമാണ്.
സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിവിധ വിധികളുടെ അടിസ്ഥാനത്തിൽ, പരാതിയിലെ കാലതാമസത്തെയും സംശയത്തോടെ കാണേണ്ടതുണ്ട്. അതുപോലെ താൻ ഒരു പ്രഫഷനൽ ഡോക്ടറാണെന്നും ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയാറാണെന്നും ജോൺസൺ ഹർജിയിൽ പറയുന്നു.
അതേസമയം, കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഡോ. ജോൺസണെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അതുല്യയും സംഘവും പിടിച്ചെടുത്ത ഡോക്ടറുടെ ഫോണിൽ ഒട്ടേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളുണ്ട് എന്ന റിപ്പോർട്ടുകളും പോലീസിനെ ഉദ്ധരിച്ചു പുറത്തു വന്നിരുന്നു. പിടിച്ചെടുത്ത ഈ ഫോണുകൾ നടിയുടെ ബന്ധുവാണ് പരാതിക്കൊപ്പം പോലീസിന് കൈമാറിയത്. ഈ ഫോണുകൾ എങ്ങനെ പരാതിക്കാരിയുടെ കൈയിൽ എത്തി എന്നറിയാൻ പോലീസ് അവരുടെ മൊഴിയെടുക്കും.
ഇതിനിടെ നടി അതുല്യ ചന്ദ്ര, ബിബിൻ വിഷ്ണു, കെ.ബി. വിഷ്ണു എന്നിവരെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന 9 പേർ ഇപ്പോഴും ഒളിവിലാണ്. ഡോക്ടറുടെ ഫോണിൽ തന്റെ ബന്ധുവിന്റെ ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് ഫോൺ വാങ്ങിയതെന്നാണ് അതുല്യ പോലീസിനോടു പറഞ്ഞത്.