കൊച്ചി: ബന്ധുവിനെ പീഡിപ്പിച്ച വിവരം ഒതുക്കിത്തീർക്കാൻ ഡോ. ജോൺസൺ കെ.വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ചതുകൊണ്ടാണു മർദിച്ചെന്ന പരാതി നൽകിയതെന്നും യുവനടിയുടെ മൊഴി. ഇന്നലെ കസ്റ്റഡിയിൽ വിട്ടശേഷം നടന്ന ചോദ്യം ചെയ്യലിലാണു നടി ഇക്കാര്യങ്ങൾ പോലീസിനോടു വ്യക്തമാക്കിയത്.
അതുപോലെ ഡോക്ടറിൽനിന്നു പിടിച്ചെടുത്ത ഫോൺ തിരികെ നൽകാതിരുന്നത് തെളിവുകൾ നശിപ്പിക്കാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറുകയായിരുന്നു ലക്ഷ്യമെന്നും നടി അതുല്യ ചന്ദ്ര പറഞ്ഞതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഈ കേസിൽ യുവനടിയെയും മറ്റു പ്രതികളായ നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി.വിഷ്ണു എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയിൽ വിട്ടത്.
അതേസമയം പൊന്നുരുന്നിയിൽ ഡോക്ടറെ മർദിച്ച ഫ്ലാറ്റിൽ ഇന്ന് പ്രതികളെയെത്തിച്ചു തെളിവെടുപ്പു നടത്തും. ഈ മാസം നാലിനാണ് തനിക്കു മർദനമേറ്റെന്നു കാട്ടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ജോൺസൺ വർഗീസ് കടവന്ത്ര പോലീസിൽ പരാതിപ്പെടുന്നത്. ബന്ധുവിനെ പീഡിപ്പിച്ചെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോണുകളും മറ്റും തട്ടിയെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ അതുല്യ ചന്ദ്രയും മറ്റുള്ളവരും പോലീസ് പിടിയിലായി. എന്നാൽ ഇതിന്റെ പിറ്റേന്നു നടിയുടെ ബന്ധു ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി. ഒക്ടോബർ 10 ന് ഒരുമിച്ച മദ്യപിച്ചശേഷം താൻ ബലാത്സംഗത്തിന് ഇരയായെന്നായിരുന്നു പരാതി. ഒപ്പം നടിയും കൂട്ടരും പിടിച്ചെടുത്ത ഡോക്ടറുടെ ഫോണുകളും കൈമാറിയിരുന്നു.
പരാതിക്കു പിന്നാലെ തനിക്കെതിരെ കേസ് വന്നതോടെ ഡോ.ജോൺസൺ ഒളിവിൽപ്പോയി. കേസെടുത്തതിനു ഡോക്ടർ ജോൺസണെ കണ്ടെത്താൻ പോലീസ് തുടർന്ന് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇതിനിടെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡോക്ടറുടെ ഫോണിൽ ഒട്ടേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതിനിടെയാണ്, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്നും താൻ നൽകിയ പരാതിയെ പ്രതിരോധിക്കാൻ വേണ്ടി പിന്നീട് ഉണ്ടാക്കിയതാണ് ഇതെന്നുമാണ് ഡോക്ടറുടെ വാദം. ഒക്ടോബർ 10 ന് പീഡനം നടന്നുവെന്നു പറയുന്ന സംഭവത്തിൽ നവംബർ 4 ന് ശേഷമാണ് പരാതി നൽകിയതെന്നും ഇതിൽ അസ്വാഭാവികമായ കാലതാമസമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുല്യ ഉൾപ്പെടെയുള്ള പ്രതികൾ തന്നെ ആക്രമിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ ആരോപണം. അതേസമയം ഈ ഹർജിയും ഇന്ന് പരിഗണിച്ചേക്കും.
ഇതിനിടെ സംഭവം ഒതുക്കിത്തീർക്കാൻ ഡോ. ജോൺസൺ ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന നടിയുടെ മൊഴിയും നിർണായകമാകും. താൻ ആക്രമിക്കപ്പെട്ട വിവരം ഡ്രൈവറേയും കുടുംബാംഗങ്ങളേയും പരാതിക്കാരി അറിയിച്ചിരുന്നു. തന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന വിവരവും ഇവർ പങ്കുവച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു.