BREAKING NEWS

“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല…അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്… ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- ‘എൽ- സയീദ് വിജയിച്ചാൽ യുഎസിലേക്ക് ജിഹാദികളെ ക്ഷണിച്ചുവരുത്തും’

· · 1 min read
Share: Copied!

വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്കായി പ്രചാരണം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഷിഗണിലെ പോർട്ട് ഹ്യൂറോണിൽ ഞായറാഴ്ച നടന്ന പ്രചാരണ പരിപാടിയിൽ ട്രംപിനൊപ്പം വേദിയിലെത്തിയത് പോപ് ഗായിക നിക്കി മിനാജ്. ട്രംപിന്റെ കടുത്ത ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മിനാജിന്റെ സാന്നിധ്യം പരിപാടിയിൽ വലിയ ശ്രദ്ധ നേടി. എന്നാൽ, ട്രംപിന്റെ അശ്ലീല പരാമർശങ്ങളും ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ-സയീദിനെതിരെ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും പരിപാടിയെ വിവാദത്തിലാക്കി.

സ്വർണനിറത്തിലുള്ള ഗുച്ചി ബ്രാൻഡഡ് വസ്ത്രം ധരിച്ചാണ് മിനാജ് പരിപാടിക്കെത്തിയത്. ട്രംപിന്റെ പേരും മിഷിഗണിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ പേരുകളും വിളിച്ചുപറഞ്ഞ് അവർ ജനക്കൂട്ടത്തെ ആവേശത്തിലാക്കി. മിനാജ് വേദി വിട്ടുപോകുന്നതിനിടെ ട്രംപ് അവരെ പ്രശംസിക്കുകയും ചെയ്തു. “അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല. അവൾക്ക് കാര്യങ്ങൾ മനസിലാകും. അവൾ ബുദ്ധിമതിയാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

എന്നാൽ, പ്രസംഗത്തിനിടെ മിനാജിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശമാണ് മറ്റൊരു വിവാദത്തിന് വഴിവെച്ചത്. ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് നേരത്തെ നടത്തിയ പരാമർശങ്ങൾ വിശദീകരിക്കുകയായിരുന്നു ട്രംപ്. ഹസ്റ്റഡിന്റെ ശരീരഘടനയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായ സന്ദർഭത്തിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും തമാശരൂപത്തിലായിരുന്നു അവയെന്നും അദ്ദേഹം അവകാശപ്പെട്ടു.

“ഒരു പുരുഷനോട് ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. റെക്കോർഡിന് പുറത്തു പറയുകയാണെങ്കിൽ, സ്ത്രീകളോട് അങ്ങനെ ചെയ്തിട്ടുണ്ട്. പുരുഷന്മാരോട് ഇല്ല,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. തുടർന്ന് നിക്കി മിനാജിനെ പരാമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു: “ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്. നിക്കി മിനാജിന്റേത്. അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.” പരാമർശത്തിനു പിന്നാലെ മിനാജിനോട് എഴുന്നേറ്റു നിൽക്കാൻ ട്രംപ് ആവശ്യപ്പെട്ടു. സദസിന്റെ ആർപ്പുവിളികൾക്കിടെ അവർ എഴുന്നേറ്റ് കൈവീശി അഭിവാദ്യം ചെയ്തു.

ഇതിനിടെ തന്റെ പരാമർശം മിനാജിനെ അപമാനിച്ചിരിക്കാമെന്ന ആശങ്കയും ട്രംപ് പ്രകടിപ്പിച്ചു. “നിക്കിക്ക് അതിൽ വിഷമം തോന്നിയിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ നിക്കിയെ സ്നേഹിക്കുന്നു. ഏറെക്കാലമായി അവൾ ഞങ്ങളോടൊപ്പമുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ഒക്ടോബറിന്റെ തുടക്കത്തിലും സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹസ്റ്റഡ് മികച്ച കായികതാരമായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരഘടന ശ്രദ്ധിച്ചതെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.

“പുരുഷന്മാരോട് ഞാൻ സാധാരണയായി ഇങ്ങനെയൊന്നും ചെയ്യാറില്ല. അദ്ദേഹത്തിന്റെ ശരീരം ഞാൻ പരിശോധിച്ചുതുടങ്ങി. അദ്ദേഹം മികച്ച കായികതാരമാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ മുകളിലേക്കും താഴേക്കും നോക്കി. അദ്ദേഹത്തിന്റെ നിതംബവും ശരീരവും കൈകളും ശ്രദ്ധിച്ചു. കൈകൾ കണ്ടപ്പോൾ നഖങ്ങൾ കൊളുത്തുകൾ പോലെയായിരുന്നു,” എന്നിങ്ങനെയായിരുന്നു ട്രംപിന്റെ അന്നത്തെ പരാമർശം.

ഒരാഴ്ചയിലേറെ മുമ്പ് കെന്റക്കിയിൽ നടത്തിയ പ്രസംഗത്തിലും ട്രംപ് ഇതേ വിഷയം വീണ്ടും ഉന്നയിച്ചിരുന്നു. ഹസ്റ്റഡിന്റെ ശരീരവും തോളുകളും കാലുകളും കൈകളും മുഖത്തിന്റെ ആകൃതിയും ശ്രദ്ധിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഹസ്റ്റഡിന്റെ താടിയെല്ലിന്റെ ആകൃതിയെ പ്രശംസിച്ച ട്രംപ്, തോളിൽ തട്ടിയപ്പോൾ ഉരുക്കുപോലെയാണ് അനുഭവപ്പെട്ടതെന്നും പറഞ്ഞു. ആ അനുഭവത്തിൽനിന്ന് താൻ ഇപ്പോഴും മുക്തനായിട്ടില്ലെന്നും തമാശരൂപത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, ട്രംപിനൊപ്പം എയർഫോഴ്‌സ് വൺ വിമാനത്തിലാണ് മിനാജ് മിഷിഗണിലെത്തിയത്. യാത്രയ്ക്കിടെ പ്രസിഡന്റിന്റെ വിമാനത്തിൽവെച്ച് വൈറ്റ് ഹൗസ് ജീവനക്കാരനോടൊപ്പം അവർ ഒരു വീഡിയോ ചിത്രീകരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്കുള്ള അഭിമുഖം നടത്തുന്നതായി അഭിനയിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ചു.

കേറ്റി സക്കറിയ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. പൊതുവേദിയിലെ ആദ്യ അവതരണം വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ അഞ്ച് ദിവസത്തിനുള്ളിലാണ് സക്കറിയ സ്ഥാനമൊഴിഞ്ഞതെന്നാണ് റിപ്പോർട്ട്.

സമീപകാലത്ത് ട്രംപിന് പിന്തുണയുമായി പലവട്ടം രംഗത്തെത്തിയ വ്യക്തിയാണ് മിനാജ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡനത്തിനിരയാകുന്നുവെന്ന ട്രംപിന്റെ ആരോപണങ്ങളെയും യുഎസിൽ താമസാനുമതിയും പിന്നീട് പൗരത്വത്തിലേക്കുള്ള വഴിയും വാഗ്ദാനം ചെയ്യുന്ന ‘ഗോൾഡ് കാർഡ്’ വിസ പദ്ധതിയെയും അവർ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ ആദ്യ ഭരണകാലത്ത് കുടിയേറ്റ നയങ്ങളോടുള്ള മിനാജിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. കുടിയേറ്റത്തിനെതിരായ ട്രംപിന്റെ കടുത്ത സമീപനത്തെ അവർ വിമർശിച്ചിരുന്നു. അഞ്ച് വയസുള്ളപ്പോൾ രേഖകളില്ലാതെ യുഎസിലെത്തിയ ആളാണ് താനെന്ന് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയ മിനാജ്, അതിർത്തിയിൽ കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയ ട്രംപിന്റെ സീറോ ടോളറൻസ് നയത്തെയും വിമർശിച്ചിരുന്നു.

അതേസമയം മിഷിഗണിലെ സെനറ്റ് തിരഞ്ഞെടുപ്പും ട്രംപിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ-സയീദും റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിന് ഒരാഴ്ചയിലേറെ മാത്രം ശേഷിക്കെ മുൻ പ്രസിഡന്റ് ബറാക് ഒബാമ ശനിയാഴ്ച എൽ-സയീദിനായി പ്രചാരണ റാലിയിൽ പങ്കെടുത്തിരുന്നു. ഈ തിരഞ്ഞെടുപ്പ് ചക്രത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിക്കായി ഒബാമ പങ്കെടുത്ത ആദ്യ റാലികളിലൊന്നായിരുന്നു ഇത്.

ഞായറാഴ്ചത്തെ പ്രസംഗത്തിൽ എൽ-സയീദിന്റെ മുസ്‌ലിം വിശ്വാസത്തെയും പശ്ചാത്തലത്തെയും ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ വിമർശനം. എൽ-സയീദ് വിജയിച്ചാൽ അമേരിക്കയിലേക്ക് ജിഹാദികളെ ക്ഷണിച്ചുവരുത്തുമെന്നായിരുന്നു ട്രംപിന്റെ ആരോപണം.

മുസ്‌ലിം വിരുദ്ധമെന്ന് വിമർശകർ വിശേഷിപ്പിച്ച ആക്രമണങ്ങൾ ആവർത്തിച്ചുകൊണ്ട് ട്രംപ് പറഞ്ഞു: “സെനറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോകേണ്ടിവരുന്ന ഏക സെനറ്റർ അദ്ദേഹമായിരിക്കും. അദ്ദേഹത്തിന് ഒരു മെറ്റൽ ഡിറ്റക്ടർ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” അതേസമയം എൽ-സയീദിന്റെ മതവിശ്വാസത്തെ മുൻനിർത്തിയുള്ള ഇത്തരം പരാമർശങ്ങളെ അദ്ദേഹം നേരത്തെയും വിമർശിച്ചിരുന്നു. കഴിഞ്ഞയാഴ്ച വോട്ടർമാരെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പരസ്യത്തിൽ, തന്റെ പേരും മതവിശ്വാസവും ഉപയോഗിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് എൽ-സയീദ് ആരോപിച്ചു.

“ഇന്ധന പമ്പിലും പലചരക്ക് കടകളിലും ഡോക്ടറുടെ അടുത്തും അദ്ദേഹത്തിന്റെ നയങ്ങൾ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ എന്റെ പേരും വിശ്വാസവും ഉപയോഗിക്കാമെന്നാണ് യുഎസ് പ്രസിഡന്റ് കരുതുന്നത്,” എന്നായിരുന്നു എൽ-സയീദിന്റെ പ്രതികരണം.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026