വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ്. വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രഹസ്യ സുരക്ഷാ സേന അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റ് മന്ത്രിസഭാംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വൈറ്റ് ഹൗസ് റിപ്പോർട്ടർമാരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. പ്രസിഡന്റും പ്രഥമ വനിതയും സുരക്ഷിതരാണെന്ന് രഹസ്യ സുരക്ഷാ സേനയുടെ വക്താവ് ആന്റണി ഗുഗ്ലിയൽമി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന് പിന്നാലെ, പ്രസിഡന്റിന്റെ നിർദേശപ്രകാരം അത്താഴ പരിപാടി പുനരാരംഭിച്ചു.ട്രംപ് വീണ്ടും പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അതിന് അനുമതി നൽകിയില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു













































