ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍. വിലാതിക്കുളം എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെയാണ് അറസ്റ്റിലായത്. എംഎല്‍എയുടെ ഭീഷണി പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മാര്‍ക്കണ്ഡേയന്‍ വിവാദ പ്രസംഗം നടത്തിയത്.
കരൂരിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. നിയമസഭ ചേരുമ്പോള്‍ വിജയ് വിവരമറിയുമെന്നും പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന ഭീഷണിസ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി വിജയിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് അറസ്റ്റിലാവുന്ന രണ്ടാമത്തെ ഡിഎംകെ എംഎല്‍എയാണ് ജി.വി. മാര്‍ക്കണ്ഡേയന്‍.
നേരത്തെ സമാനമായ കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ അനിത ആര്‍. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 20ന് തൂത്തുക്കുടി ജില്ലയിലെ ആതൂരില്‍ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.

















































