തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡിൽ ബെഡുകൾക്ക് മുകളിൽ ചത്ത എലിയെയും പൂച്ചകളെയും കണ്ടെത്തി. സ്ത്രീകളുടെ വാർഡിനോട് ചേർന്ന് കിടക്കുന്നതും രോഗികളുടെ കൂട്ടിരുപ്പുകാർ വിശ്രമത്തിനായി ഉപയോഗിക്കുന്നതുമായ വാർഡിലാണ് ഈ ദുരവസ്ഥ കാണപ്പെട്ടത്. ഈ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നതിനെത്തുടർന്ന്, അണുബാധ ഒഴിവാക്കാനെന്ന പേരിൽ അധികൃതർ വാർഡിന് പുറത്ത് പുതിയൊരു സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.
‘അണുബാധ ഒഴിവാക്കുന്നതിന് സന്ദർശകരെ നിരോധിച്ചിരിക്കുന്നു’ എന്നും കൂട്ടിരുപ്പുകാരായി ഒരാൾ മാത്രം പ്രവേശിച്ചാൽ മതിയെന്നുമാണ് ഈ ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ അണുബാധ തടയുന്നതിനുള്ള മറ്റ് കാര്യക്ഷമമായ നടപടികളൊന്നും ഇവിടെ നടക്കുന്നില്ലെന്ന് വ്യക്തമാണ്.
‘മാതൃക ആശുപത്രി’ എന്ന് വിശേഷിപ്പിക്കുന്ന സ്ഥാപനത്തിലാണ് ഇത്തരമൊരു മോശം അവസ്ഥ നിലനിൽക്കുന്നത്.