കൊല്ലം: എക്സാലോജിക് കേസിൽ പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നു സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. നിയമത്തെ നിയമത്തിന്റെ വഴിക്കു വിടുകയാണു വേണ്ടതെന്നും പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ, മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനി വിവാദ കരിമണൽ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ പാടില്ലായിരുന്നു. പിണറായി അതു തടയണമായിരുന്നു. വീണയുടെ പ്രവൃത്തികൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി.
മാസപ്പടിക്കേസ് രാഷ്ട്രീയ ശത്രുക്കൾ പാർട്ടിക്കു നേരേയുള്ള ആയുധമാക്കി. ഇപ്പോൾ വീണയ്ക്കായി പിണറായി വാദിക്കുമ്പോൾ, ഇംഎംഎസിന്റെ പാർട്ടിയാണ് ഇതെന്ന ഓർമ വേണം. പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ തിരുത്താൻ പാർട്ടിക്കു കഴിയാതെ പോയതാണു നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു കാരണം. പിണറായി മാത്രമല്ല പാർട്ടിയെന്നു നേതാക്കൾ ഓർക്കണമെന്നും പ്രതിനിധികൾ തുറന്നടിച്ചു. കണ്ണൂരിലെ ഏതെങ്കിലും സഹകരണ സ്ഥാപനത്തിൽ പിണറായി വിജയൻ മകൾക്കു ജോലി വാങ്ങി കൊടുത്തിരുന്നുവെങ്കിൽ അയൽ സംസ്ഥാനത്തു കമ്പനി തുടങ്ങി പാർട്ടിയെ വിവാദത്തിലാക്കില്ലായിരുന്നു. ഭാര്യ സീറ്റ് ചോദിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ‘നോ’ പറഞ്ഞിരുന്നുവെങ്കിൽ ആ ‘നോ’ പാർട്ടിക്കു വലിയ ഗുണം ചെയ്തേനെ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഔചിത്യബോധമില്ലെന്നും ഗോവിന്ദന്റെ സ്വാർഥ താൽപര്യങ്ങളാണു കണ്ണൂരിലെ ദയനീയ പരാജയത്തിനു കാരണമെന്നും പ്രതിനിധികൾ ആവർത്തിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രിയുമായ സജി ചെറിയാന്റെ അന്തവും കുന്തവും ഇല്ലാത്ത പ്രസ്താവനകൾ പാർട്ടിയെ പലപ്പോഴും വെട്ടിലാക്കുന്നു.
സജി ചെറിയാനെ അടിയന്തരമായി നിയന്ത്രിക്കണം. പാർട്ടിയുടെ വോട്ടുകൾ ഗണ്യമായി ചോരാനും സജി ചെറിയാന്റെ വാചകമടി കാരണമായിട്ടുണ്ടെന്നും വിമർശനമുണ്ടായി. താഴേത്തട്ടിൽ പാർട്ടി അതീവ ദുർബലമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലും ചടയമംഗലത്തും സിപിഐ സ്ഥാനാർഥികൾ തോറ്റത് ആ പാർട്ടിയിലെ ഉൾപ്പാർട്ടി പ്രശ്നം മൂലമാണെന്നും ആരോപണമുയർന്നു. ചടയമംഗലത്തു ജെ. ചിഞ്ചുറാണിക്കെതിരെ സിപിഐക്കാർ തന്നെ രംഗത്തിറങ്ങി. ഇരവിപുരത്തു എം. നൗഷാദിനു മൂന്നാമതും അവസരം നൽകിയതു വിനയായി. ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരെയും രണ്ടാം ദിവസവും വിമർശനങ്ങൾ ഉണ്ടായി. ജില്ലാ സെക്രട്ടറിക്ക് കത്തെഴുതി കൈ കുഴയുന്നതല്ലാതെ ഒരു കാര്യവും നടക്കുന്നില്ല. പക്ഷേ, കത്തില്ലാതെ ജില്ലാ സെക്രട്ടറിയെക്കൊണ്ടു കാര്യങ്ങൾ സാധിക്കുന്നവരുമുണ്ട്. അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നതു പാർട്ടിയെ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്നു മറുപടി പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ തകർക്കാനാണു പിണറായി വിജയനെതിരായ ഇ.ഡിയുടെ കേസുകൾ. ആദ്യം 1.78 കോടി വീണ വിജയൻ വാങ്ങിയെന്നാണു പറഞ്ഞത്. പിന്നീട് അത് ഒരു അടിസ്ഥാനവുമില്ലാതെ 20 കോടിയായി. പിണറായിക്കെതിരെ ഇ.ഡി നീങ്ങുമ്പോൾ അതു പാർട്ടിക്കെതിരായ ആക്രമണമായി കാണണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.