പാലക്കാട്: സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പ്രധാന ഉത്തരവാദികൾ പിണറായി വിജയനും എം.വി. ഗോവിന്ദനുമാണെന്ന് യോഗത്തിലെ പൊതുചർച്ചയിൽ വിമർശനമുയർന്നു. സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
പത്ത് വർഷത്തെ ഭരണത്തിനിടെ ഉണ്ടായ ഒട്ടേറെ പോരായ്മകൾ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നാണ് യോഗത്തിൽ ഉയർന്ന വിമർശനം. തെരഞ്ഞെടുപ്പ് തോൽവിക്ക് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം പിണറായി വിജയനും എം.വി. ഗോവിന്ദനും ഏറ്റെടുക്കണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു.
അതേസമയം, ജില്ലാ നേതൃത്വത്തിനെതിരെയും യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു. വിഭാഗീയത ഇല്ലാതാക്കുന്നതിലും വിമത നീക്കങ്ങൾ തടയുന്നതിലും ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്നാണ് ആരോപണം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ പ്രവർത്തനത്തിനെതിരെയും രൂക്ഷ വിമർശനമുണ്ടായി. ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം പാർട്ടിക്ക് ദോഷം ചെയ്തെന്നും ചില പ്രതിനിധികൾ ആരോപിച്ചു.
വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം കൂടുതൽ വഷളാക്കിയതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും യോഗത്തിൽ വിമർശനമുയർന്നു. ചിറ്റൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കം തടയുന്നതിലും ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നാണ് വിമർശനം. ഇതിന്റെ പശ്ചാത്തലത്തിൽ ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിച്ചു.
തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴൽമന്ദം, പുതുശേരി ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് ജില്ലാ സെക്രട്ടറിക്കെതിരെ പ്രധാനമായും വിമർശനം ഉന്നയിച്ചതെന്നാണ് വിവരം.
പി.കെ. ശശിക്ക് സംസ്ഥാന നേതൃത്വം പിന്തുണ നൽകിയതിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. ശശിക്കെതിരെ നടപടി സ്വീകരിക്കാൻ വൈകിയത് പാർട്ടിക്ക് തിരിച്ചടിയായെന്നും കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചതും ശരിയായില്ലെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അതേസമയം, ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണം പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്ന് മലപ്പുറത്തെ പ്രവർത്തന റിപ്പോർട്ടിലും വിമർശനമുണ്ട്. പാർട്ടിക്കെതിരായ സന്ദേശം മുസ്ലിം ലീഗ് ജനങ്ങളിലേക്ക് എത്തിച്ചെങ്കിലും അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം.
മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ പാർട്ടിയോട് ചേർത്തുനിർത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചയിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും ജില്ലാ നേതൃത്വത്തിനെതിരെയും ഒരേസമയം ഉയർന്ന വിമർശനങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കും




