തൊടുപുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള സംസ്ഥാന നേതാക്കൾ തെറ്റുതിരുത്താൻ തയാറാകണമെന്നു സിപിഎം ഇടുക്കി വിശാല ജില്ലാ കമ്മിറ്റി. ഇക്കാര്യത്തിൽ എം.എ. ബേബിയെ മാതൃകയാക്കി സംസ്ഥാന നേതൃത്വം പ്രവർത്തിക്കണമെന്നും കമ്മിറ്റിയിൽ നിർദേശമുയർന്നു.
അതുപോലെ ജില്ലാ നേതൃത്വത്തിനെതിരെയും ചർച്ചയിൽ രൂക്ഷവിമർശനമുയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ എന്നിവരുടെ ഗൂഢാലോചനയുടെ ഫലമായാണു ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ പാർട്ടി വിട്ടുപോയതെന്നും വിമർശനമുയർന്നു.
ജില്ലാ സെക്രട്ടറി സി.വി.വ ർഗീസ് ഏലയ്ക്ക, തേയില, കുരുമുളക് തുടങ്ങിയവ വൻതോതിൽ കൊടുത്ത് സംസ്ഥാന നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നതായും ചർച്ചയിൽ വിമർശനമുയർന്നു. നിർധന കുടുംബത്തിൽ നിന്നു വന്ന വർഗീസിന് ഇപ്പോൾ കോടികളുടെ ആസ്തിയുണ്ട്. എല്ലാ അഴിമതിക്കും നേതാക്കൾ കൂട്ടുനിൽക്കുന്നതിനാണ് ഇതു ചെയ്യുന്നതെന്നും കമ്മിറ്റി ആരോപിച്ചു. അതുപോലെ ജില്ലാ നേതാക്കൾ തലക്കനം ഒഴിവാക്കണമെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.




