തിരുവനന്തപുരം: നിരവദി തവണ കത്ത് നല്‍കിയിട്ടും ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം. ബിനീഷ് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. ബിനീഷിന്റെ അപേക്ഷ പരിഗണിക്കണമെന്ന് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി നാലുവട്ടം സെന്ററിന് കത്തു നൽകിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നാണ് വിവരം. എസ്എഫ്‌ഐ അംഗമായിരിക്കേയാണ് ബിനീഷിന് പാർട്ടി അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലാണ് അംഗത്വമുണ്ടായിരുന്നത്.
ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ 2021-ലാണ് അദ്ദേഹത്തിന് അംഗത്വം നഷ്ടമായത്. 2023 മുതൽ പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ബിനീഷ് നടത്തിയിരുന്നു. ഇതിനായി അപേക്ഷ നൽകുകയും ചെയ്തു. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് ഉൾപ്പെടെയുള്ളവരാണ് ബിനീഷിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.
എന്നാൽ കത്തുകൾ പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിന്മേൽ വിമർശനം ഉയർന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ പ്രതിരോധിച്ചും സംരക്ഷിച്ചും നിൽക്കുന്ന ബിനീഷിനെ എന്തുകൊണ്ട് പാർട്ടി മാറ്റിനിർത്തുന്നു എന്നായിരുന്നു യോഗത്തിൽ ചോദ്യം ഉയർന്നത്.


















































