കണ്ണൂർ: കണ്ണൂർ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പി.എസ്. ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിൽ വ്യാജ സീലുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ അന്വേഷണം. കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് ആരോപണം. കക്കാട് മണ്ഡലം പ്രസിഡന്റ് ടി. മുരളിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ജോലി ലഭിക്കുമെന്ന വിശ്വാസം ഉണ്ടാക്കുന്നതിനായി യൂണിഫോം ഉൾപ്പെടെ നൽകിയതായും പരാതിയിൽ പറയുന്നു. അഞ്ച് പേരാണ് തട്ടിപ്പിനിരയായതെന്നും ഏകദേശം 10 ലക്ഷം രൂപ മുരളി കൈപ്പറ്റിയതായും പരാതിക്കാർ ആരോപിക്കുന്നു.
സംഭവത്തിൽ ടി. മുരളിക്കെതിരെ ഡിസിസി പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരിയും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.















































