കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാർ ഇടിച്ച് ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് സ്റ്റേഷനു മുന്നിലെ സമരം താൽക്കാലികമായി അവസാനിപ്പിച്ച് കുടുംബം. ജയബാലകൃഷ്ണൻറെ മകളുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചതിനെ തുടർന്നാണ് കുടുംബം സമരം അവസാനിപ്പിച്ചത്. സർക്കാർ കുടുംബത്തിനൊപ്പമാണെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. 17കാരന്റെ പിതാവിനെ സസ്പെൻഡ് ചെയ്യണം, പ്രതിയുടെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ അടക്കമുള്ളവർ ചേരാനല്ലൂർ പോലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ മുതൽ പ്രതിഷേധിച്ചത്.
അതേസമയം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബവുമായി സംസാരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തും. നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് കുടുംബം പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽനിന്ന് പിന്നോട്ടില്ല. നടപ്പായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും കുടുംബം മുന്നറിയിപ്പുനൽകി.
ഇന്നലെ മുതൽ കുടുംബംനടത്തിയ പ്രതിഷേധത്തിനൊടുവിൽ 17കാരന്റെ പിതാവായ അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെ പോലീസ് മോട്ടർ വാഹന നിയമം 199 അനുസരിച്ച് കേസെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിക്കുകയും ആ വാഹനമോടിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പിതാവിനെ സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടപ.
നേരത്തെ പ്രതിഷേധം നടത്തുന്നവരോട് ഡിസിപി അരുൺ കെ. പവിത്രൻ ചർച്ച നടത്തുകയും പോലീസ് സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാതാക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ പോലീസ് സ്റ്റേഷനിലേക്ക് രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു.