തിരുവനന്തപുരം: ചാലയിലെ സ്വർണക്കൊള്ളക്കേസിൽ ഒരാൾ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. മാളവിക ജുവലറി ഉടമ ജയരാമനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇയാൾക്കെതിരേ നേരത്തെ വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തന്റെ ജുവലറിക്ക് തൊട്ടടുത്തുള്ള മാളവിക ജുവലറിയുടെ ഉടമ ജയരാമൻ ഭീഷണിപ്പെടുത്തിയിരുന്നതായി സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ചാലയിലെ വൈഷ്ണവി ജുവലറി ഉടമയിൽനിന്ന് സ്വർണം കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനുള്ളിൽ നാടകീയമായി പൊലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറത്തറയിൽനിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ അനിൽ (37), അനൂപ് (37), രാജീവ് കാട്ടാക്കട (45), വിനോദ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 488 ഗ്രാം സ്വർണം പിടിച്ചെടുത്തു. കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ പ്രതികളിൽ ചിലർ വൈഷ്ണവി ജുവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളവരാണ്. സ്വർണ ഇടപാടുകൾക്കായി പ്രതികൾ പലതവണ ജുവലറി ഉടമയെ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കവർച്ച നടത്തിയത്. സ്വർണവുമായി കടയുടമ വീട്ടിലേക്ക് പോകുന്ന സമയമുൾപ്പെടെയുള്ള വിവരങ്ങൾ പ്രതികൾക്ക് അറിയാമായിരുന്നു. പ്രതികളുടെ കാർ തമിഴ്‌നാട്ടിലെ ടോൾ ബൂത്ത് കടന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ വയനാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച അനിലിന്റെ പേരിലുള്ള പുതിയ മോഡൽ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സ്വർണവുമായി പ്രതികൾ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.