നീലഗിരി: നീലഗിരിയിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ച് കാർ യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളായി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം.
കുനൂർ–മേട്ടുപ്പാളയം റോഡിലാണ് അപകടമുണ്ടായത്. വ്യോമസേന മുൻ ഉദ്യോഗസ്ഥനായ കൃഷ്ണമൂർത്തി ഭാര്യയും മകനുമടക്കം അഞ്ച് പേരോടൊപ്പം മേട്ടുപ്പാളയത്തെ ബന്ധുവിന്റെ വീട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കൂറ്റൻ പാറകൾ റോഡിലേക്ക് പതിച്ചത്.
അപ്രതീക്ഷിതമായി റോഡിന്റെ ഒരുവശത്തെ മലയിൽനിന്ന് പാറക്കല്ലുകൾ താഴേക്ക് പതിക്കുകയായിരുന്നു. കാറിന്റെ മുൻവശത്തെ ഇടതുവശത്തായിരുന്നു കൃഷ്ണമൂർത്തി ഇരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് പാറ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂർത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃഷ്ണമൂർത്തിയുടെ ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. മകനാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ മകനും മറ്റുള്ളവർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
കനത്ത മഴയെ തുടർന്ന് നീലഗിരി മേഖലയിൽ മണ്ണിടിച്ചിലും പാറ വീഴ്ചയ്ക്കും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു, തലയ്‌ക്ക് ഗുരുതര പരിക്ക്





