ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ 28കാരനായ കഫേ ഉടമ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ കാമുകി മാസങ്ങളായി മകനെ ബ്ലാക്ക്മെയിൽ ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ അമ്മ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശിവ ശർമയാണ് വെള്ളിയാഴ്ച രാത്രി ലഖ്നൗവിലെ ഹസ്രത്ഗഞ്ച് മേഖലയിൽ മരിച്ചത്.
മകന്റെ കാമുകി ശ്രദ്ധ ദുബെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ രഞ്ജന ശർമ ആരോപിച്ചു. ശ്രദ്ധ ദുബെ, സഹോദരി രശ്മി ദുബെ, ഡാനിഷ് എന്ന ഡ്രൈവർ, ആദിൽ എന്ന സഹായി, തിരിച്ചറിയാത്ത മറ്റ് ചിലർ എന്നിവരെയാണ് എഫ്ഐആറിൽ പ്രതികളാക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ശ്രദ്ധ ഫോണിൽ വിളിച്ച് ശിവ തന്റെ ബാൽക്കണിയിൽനിന്ന് വീണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അറിയിച്ചതായി രഞ്ജനയുടെ പരാതിയിൽ പറയുന്നു. പിന്നീട് വീണ്ടും വിളിച്ചപ്പോൾ ശ്രദ്ധയുടെ ഡ്രൈവറാണ് മകനെ ആശുപത്രിയിലെത്തിച്ചതെന്ന് അറിയിക്കുകയും ഡ്രൈവറുടെ ഫോൺ നമ്പർ നൽകുകയും ചെയ്തു.
ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ സ്വകാര്യ ആംബുലൻസ് അവിടെ നിർത്തിയിട്ടിരിക്കുന്നതായി കണ്ടു. ആംബുലൻസിന് സമീപം നിന്ന ഡാനിഷ് എന്ന യുവാവ് ശ്രദ്ധയുടെ ഡ്രൈവറാണെന്ന് സ്വയം പരിചയപ്പെടുത്തിയതായും അമ്മ പറഞ്ഞു. മകന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഡാനിഷ് മൃതദേഹം അവിടെ ഉപേക്ഷിച്ച് പോയെന്നാണ് രഞ്ജനയുടെ ആരോപണം. തുടർന്ന് ശിവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ നാലുമാസത്തോളമായി ശ്രദ്ധ മകനെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്നാണ് അമ്മയുടെ ആരോപണം. ശിവയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധത്തിന്റെ പേരിൽ മകൻ കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ശാരീരികമായി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്നും രഞ്ജന പരാതിയിൽ പറയുന്നു. മകന്റെ ശരീരത്തിൽ നേരത്തെയും പരുക്കുകളുടെ പാടുകൾ കണ്ടിരുന്നെങ്കിലും ഇതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ശിവ മറുപടി നൽകാൻ വിസമ്മതിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ശ്രദ്ധയുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നാൽ ഭീഷണിപ്പെടുത്തുകയും ബന്ധം തുടരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായും അമ്മ ആരോപിച്ചു. മരിക്കുന്നതിന് ഏകദേശം 20–25 ദിവസം മുമ്പ് ശിവയും ശ്രദ്ധയും ഹസ്രത്ഗഞ്ചിലെ ഹനുമാൻ ക്ഷേത്രത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും രഞ്ജന പറഞ്ഞു. ശിവയാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്. വിവാഹത്തെക്കുറിച്ച് ശ്രദ്ധയോട് ചോദിച്ചപ്പോൾ സമ്മതം അറിയിച്ചതായും തുടർന്ന് ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങിലൂടെ വിവാഹം നടത്താമെന്ന് താൻ നിർദേശിച്ചതായും അമ്മ വ്യക്തമാക്കി.
എന്നാൽ വിവാഹത്തെക്കുറിച്ചുള്ള ചർച്ചയ്ക്കുശേഷം ശ്രദ്ധയുടെ പെരുമാറ്റം കൂടുതൽ ആക്രമണോത്സുകമായെന്നാണ് ആരോപണം. ശിവയുടെ പിതാവിന്റെ ചരമവാർഷികത്തിൽ പങ്കെടുക്കാൻ വീട്ടിലെത്തിയപ്പോഴും ശ്രദ്ധ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി രഞ്ജന ആരോപിച്ചു. തന്റെ അടുത്തേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ മോഷണക്കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നു.
മകന്റെ ശരീരത്തിൽ നിരവധി പരുക്കുകളുണ്ടായിരുന്നുവെന്നും വാരിയെല്ലുകൾ, തോളുകൾ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകൾ കണ്ടിരുന്നുവെന്നും രഞ്ജന ആരോപിച്ചു. താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നതായും കണ്ണ്, ചെവി, മൂക്ക് എന്നിവിടങ്ങളിൽനിന്ന് രക്തം വന്നിരുന്നതായും അവർ പറഞ്ഞു. മകൻ മരിക്കുന്നതിന് മുമ്പ് ആക്രമിക്കപ്പെട്ടിരിക്കാമെന്ന സംശയമുണ്ടെന്നും അമ്മ വ്യക്തമാക്കി.
അതേസമയം, ശിവയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കാൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. അമ്മ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിൽ സ്ഥിരീകരിക്കേണ്ടതുണ്ട്.




