തുമക്കുരു: മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ച 16 വയസുകാരനെ പിതാവ് കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു. കർണാടകയിലെ തുമക്കുരു ജില്ലയിൽ ചൗഡനായകനപാളയ ഗ്രാമത്തിൽ കഴിഞ്ഞദിവസമാണു സംഭവം നടന്നത്. നഞ്ചെ ഗൗഡയാണ് കേസിലെ പ്രതി. മദ്യപാനത്തിന് അടിമയായ ഇയാൾ ഭാര്യയുമായി പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വഴക്ക് അവസാനിപ്പിക്കാനായി മകൻ സുനിൽ ഇടപെടുകയായിരുന്നു.
ഇതിൽ പ്രകോപിതനായ നഞ്ചെ ഗൗഡ ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കിയശേഷം മകനെ തന്നോടൊപ്പം വീടിനുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് കമ്പിപ്പാര ഉപയോഗിച്ച് മകനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നഞ്ചെ ഗൗഡയെ കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ വീടിന് മുന്നിൽ തടിച്ചുകൂടുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മർദിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.