BREAKING NEWS

‘അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു’; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; ’12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും’

· · 1 min read
Share: Copied!

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും കനത്ത ആഘാതമേൽപ്പിച്ചെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. മോദി സർക്കാർ അധികാരമൊഴിഞ്ഞാലും തകർന്ന സംവിധാനങ്ങളെ പൂർവസ്ഥിതിയിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും അതിന് ഏറെ സമയമെടുക്കുമെന്നും അവർ പറഞ്ഞു. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയായ ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് എന്ന പുസ്തകത്തെക്കുറിച്ചും ‘ദ ഹിന്ദു’ ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.

രാജ്യത്തെ ജനങ്ങൾ ഈ തകർച്ച തിരിച്ചറിഞ്ഞുതുടങ്ങിയെന്നും ജനാധിപത്യപരമായ സദ്ഭരണത്തിലേക്ക് ഇന്ത്യ തിരിച്ചെത്തുമെന്ന കാര്യത്തിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സോണിയ പറഞ്ഞു. കോൺഗ്രസിന്റെ പ്രതാപം മങ്ങുകയാണെന്ന വിമർശനങ്ങൾ തള്ളിയ അവർ, പ്രതിപക്ഷത്തിന് തുല്യനീതിയും അവസരങ്ങളും ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യമല്ല രാജ്യത്തുള്ളതെന്നും കുറ്റപ്പെടുത്തി.

“ഞാൻ കാര്യങ്ങളെ അത്ര നിരാശയോടെയല്ല കാണുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയതുമുതൽ കോൺഗ്രസിനോ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കോ തുല്യമായ അവസരങ്ങളോ നീതിയോ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കുമേലുള്ള സമ്പൂർണ ആധിപത്യം, മുഖ്യധാരാ മാധ്യമങ്ങളുടെ നിയന്ത്രണം, പണക്കൊഴുപ്പ്, മതത്തിന്റെ ദുരുപയോഗം എന്നിവയെല്ലാം കണക്കിലെടുക്കണം. എന്നിട്ടും ഞങ്ങളുടെ പാർട്ടി പോരാടുകയും മുന്നേറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്ന പല തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തിന്റെ വിജയം അട്ടിമറിക്കപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. ജനങ്ങൾക്ക് ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ബോധ്യമുണ്ട്. സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഹകരിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. ഓരോ ദിവസവും ഞങ്ങളുടെ വിജയസാധ്യത മെച്ചപ്പെടുകയാണ്” – സോണിയ പറഞ്ഞു.

ഹാർപ്പർ കോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ബിലോങ്ങിങ് കേവലം രാഷ്ട്രീയ ചരിത്രമല്ലെന്നും പ്രണയവും വ്യക്തിജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകമാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. രാജീവ് ഗാന്ധിയുമായുള്ള പ്രണയം, അപ്രതീക്ഷിതമായി അധികാരത്തിന്റെ ഉന്നതികളിലേക്ക് നയിച്ച ജീവിതയാത്ര, ഒടുവിൽ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ അനുഭവങ്ങളെല്ലാം പുസ്തകത്തിലുണ്ട്.

‘ഒരു കഥയേക്കാൾ വിചിത്രമായ ജീവിതമല്ലേ താങ്കളുടേത്’ എന്ന ചോദ്യത്തിന് സോണിയയുടെ മറുപടി ഇങ്ങനെയായിരുന്നു: “തീർച്ചയായും അതേ! അതുകൊണ്ടുതന്നെയാണ് ഇത്രയും കാലം ഇതേക്കുറിച്ച് തുറന്നുപറയാൻ ഞാൻ മടിച്ചത്. എന്നാൽ ഇത് ഞങ്ങൾ തമ്മിലുള്ള പ്രണയകഥ മാത്രമല്ല. രാജീവിന്റെ കുടുംബത്തെയും അവർ ഉൾപ്പെടുന്ന ഈ രാജ്യത്തെയും ഞാൻ എങ്ങനെ ഹൃദയത്തോടു ചേർത്തുവെച്ചുവെന്നും ഒടുവിൽ ഈ രാജ്യം എന്റേതുകൂടിയായി മാറിയതെങ്ങനെയെന്നുമുള്ള അനുഭവം കൂടിയാണിത്. ആ കുടുംബം ചെയ്ത ത്യാഗങ്ങളുടെ ലക്ഷ്യങ്ങൾ വെല്ലുവിളിക്കപ്പെടുകയും പാർട്ടി ദുർബലമാവുകയും ചെയ്ത ഘട്ടത്തിലാണ് പൊതുജീവിതത്തിലേക്ക് ഇറങ്ങാൻ ഞാൻ നിർബന്ധിതയായത്. എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി.”

തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും സോണിയ അഭിമുഖത്തിൽ ഓർത്തെടുത്തു. “ഒരു നവവധുവായി ഇന്ത്യയിലെത്തുമ്പോൾ ഈ രാജ്യത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു. ഇന്ന് ഞാൻ എന്താണോ, എനിക്കെന്തെല്ലാം അറിയാമോ, അതെല്ലാം പഠിച്ചത് അവരിൽനിന്നാണ്. അവരുടെ ധൈര്യം, സഹാനുഭൂതി, മതേതര-ജനാധിപത്യ ഇന്ത്യയോടുള്ള അടിയുറച്ച പ്രതിബദ്ധത, മറ്റെന്തിനേക്കാളും വലുതായി അവർ കണ്ട കടമയോടുള്ള കൂറ് എന്നിവയാണ് പ്രതിസന്ധികളിലും സംശയങ്ങളിലും എന്നെ പതറാതെ മുന്നോട്ടുനയിച്ചത്.”

ഏകദേശം 60 വർഷം മുൻപ് കേംബ്രിജിലെ ഗ്രീക്ക് റസ്റ്ററന്റിൽവെച്ച് രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയ ഇറ്റാലിയൻ പെൺകുട്ടിയിൽ ഇന്നും എത്രത്തോളം അവശേഷിക്കുന്നുണ്ടെന്ന ചോദ്യത്തിനും സോണിയ ഹൃദ്യമായ മറുപടി നൽകി. “അന്ന് വളർന്നുവന്നപ്പോൾ പഠിച്ച മൂല്യങ്ങൾ ഇന്നും എന്നിലുണ്ട്. പക്ഷേ, അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു.”

1975–77 കാലത്തെ അടിയന്തരാവസ്ഥയെക്കുറിച്ചും പുസ്തകത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. 1999 മേയിൽ ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കൾ വിദേശവനിതയെന്ന വിഷയം ഉന്നയിച്ചതിനെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷപദവി രാജിവെക്കുകയും പിന്നീട് തീരുമാനം പിൻവലിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചും സോണിയ മനസ്സുതുറന്നു.

“തീർച്ചയായും അത് എന്നെ വേദനിപ്പിച്ചു. അവർ എന്നെ ഇപ്പോഴും പുറത്തുനിന്നുള്ള ഒരാളായി കാണുന്നു എന്നത് വലിയ ഞെട്ടലായിരുന്നു. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ അവർക്ക് അവരുടേതായ കാരണങ്ങളുണ്ടായിരുന്നിരിക്കാമെന്ന് മനസ്സിലാക്കുന്നു. ആത്മപരിശോധനയ്ക്കുശേഷം വലിയ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിപ്പിക്കാൻ വ്യക്തിപരമായ വിഷമങ്ങൾക്ക് കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് പോരാട്ടം തുടരേണ്ടിയിരുന്നു” – സോണിയ പറഞ്ഞു.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം പ്രധാനമന്ത്രി പദം നിരസിച്ചതിൽ എപ്പോഴെങ്കിലും പുനർചിന്തനമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും അവർ വ്യക്തമായ മറുപടി നൽകി. “ഇല്ല, ഒരിക്കലുമില്ല! അങ്ങനെയൊരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയിട്ടേയില്ല. ആ അനുഭവം തികച്ചും ക്രിയാത്മകമായിരുന്നു. മൻമോഹൻ സിങ് സർക്കാരിനെ നയിക്കുകയും ഞാൻ പാർട്ടിയെ നയിക്കുകയും ചെയ്തുകൊണ്ട് ഞങ്ങൾ ഒരു ടീമായി വ്യക്തമായ ചുമതലകളോടെ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു.”

BREAKING NEWS
രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
07 Nov 2026
BREAKING NEWS
ബിഹാറിൽ കൊടുംകുറ്റവാളി, 10 വർഷമായി കേരളത്തിൽ ഡ്രൈവർ; ഇടയ്ക്ക് നാട്ടിൽ പോയി കൊലപാതകവും മോഷണവും; ആർജെഡി നേതാവിന്റെ കൊലക്കേസിലും പ്രതി; കൊല്ലത്ത് പിടിയിൽ
07 Nov 2026
BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026
BREAKING NEWS
കണ്ണൂരിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ 17-കാരന്റെ മരണം; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല മെഡിക്കൽ രേഖകളിൽ തിരുത്തൽ, ഗുരുതര വീഴ്ചകൾ കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ; തുടരന്വേഷണത്തിന് ഉത്തരവ്
07 Nov 2026