കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ തള്ളി ബിജെപി. ജിജി തോംസണെ എല്ലാവർക്കും അറിയാമെന്നും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന് ബിജെപി പ്രാധാന്യം നൽകുന്നില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.
ഗ്യാനേഷ് കുമാർ അന്ന് എത്രയോ ജൂനിയറായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെയും അനൂപ് ആന്റണി വിമർശിച്ചു. ടിക്കാറാം മീണ കോൺഗ്രസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെതിരെ ചോദ്യംചെയ്യാൻ കോൺഗ്രസിന് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങളെയും അനൂപ് ആന്റണി വിമർശിച്ചു. സ്വന്തം കുറ്റം ഉളിയുടെ മേൽ ചാരുന്ന ആശാരിക്ക് തുല്യമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങളെന്ന് അദ്ദേഹം പരിഹസിച്ചു. എസ്.ഐ.ആർ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ കോൺഗ്രസ് അംഗീകരിക്കുമോയെന്നും കുറഞ്ഞപക്ഷം രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുമോയെന്നും അനൂപ് ആന്റണി ചോദിച്ചു.
പതിറ്റാണ്ടുകൾക്ക് മുൻപ് പല സംസ്ഥാനങ്ങളിലും അധികാരത്തിൽനിന്ന് പുറത്തായ കോൺഗ്രസിന് പിന്നീട് എവിടെയെങ്കിലും തിരിച്ചുവരാൻ സാധിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
ജിജി തോംസന്റെ വെളിപ്പെടുത്തൽ ബിജെപി തള്ളിക്കളയുകയാണെന്നും അനൂപ് ആന്റണി പറഞ്ഞു. പാമോലിൻ കേസിലെ പ്രതിയാണ് ജിജി തോംസണെന്നും ആ കേസ് ഇല്ലാതാക്കിയതും അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കിയതും യുഡിഎഫ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. അതേസമയം, ഈ ആരോപണങ്ങളുടെ വിശദാംശങ്ങൾ അനൂപ് ആന്റണി വ്യക്തമാക്കിയിട്ടില്ല.
ഗ്യാനേഷ് കുമാറും ജിജി തോംസണും വിമാനത്തിൽ ഇത്തരത്തിൽ സംസാരിച്ചതിന് തെളിവില്ലെന്നും ബിജെപി വാദിച്ചു. 2016ലെ വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു ജിജി തോംസന്റെ വെളിപ്പെടുത്തൽ.





