കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ വിദ്വേഷ പ്രസ്താവനയെ പിന്തുണച്ച് ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദന്‍. കേരളത്തില്‍ പിടിമുറുക്കുന്ന രാഷ്ട്രീയ ഇസ്‌ലാമികത സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നത് നല്ലകാര്യമെന്നാണ് എംപിയുടെ വാക്കുകള്‍.
‘കേരളത്തില്‍ പിടിമുറുക്കുന്ന രാഷ്ട്രീയ ഇസ്‌ലാമികത സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നു. നല്ലകാര്യം. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന വാദമുയര്‍ത്തി മുന്‍കാലങ്ങളില്‍ ചെയ്തു കൂട്ടിയ പാപകര്‍മങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഈ തിരിച്ചറിവ് സഹായകമാകട്ടെ’ -സി. സദാനന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്നായിരുന്നു രാഗേഷിന്റെ പരാമര്‍ശം. അതേസമയം, കെ.കെ രാഗേഷിന്റെ പ്രസ്താവന തള്ളി ഘടക കക്ഷിയായ ഐഎന്‍എല്ലിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രംഗത്തെത്തി. സ്വന്തം അണികള്‍ കാലുവാരിയത് മറച്ചുവെക്കാനാണ് രാഗേഷിന്റെ ശ്രമമെന്ന് ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ പോപ്പുലര്‍ മറുപടി നല്‍കി. സിപിഎം നേതൃത്വത്തിന്റെ കൊള്ളരുതായ്മയും അഹങ്കാരവുമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. ഇത് മറച്ചുവെക്കാനാണ് കെ.കെ രാഗേഷ് ന്യൂനപക്ഷ വര്‍ഗീയത ആരോപിക്കുന്നത് എന്നും ഇക്ബാല്‍ പ്രതികരിച്ചു.



















































