പട്ന: ബിഹാറിലെ ജമാൽപുരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്നാരോപിച്ച് വിരമിച്ച റെയിൽവേ ജീവനക്കാരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഭാര്യ പൂജാ ദേവിയെയാണ് ദശരഥ് മണ്ഡൽ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് ആരോപണം. കൊലപാതകത്തിന് പിന്നാലെ ഭയന്നുപോയ മക്കളോട് ‘പുതിയ അമ്മയെ കൊണ്ടുവരാം’ എന്നായിരുന്നു ഇയാൾ പറഞ്ഞത്.
സംഭവം നടക്കുമ്പോൾ പത്ത് വയസുകാരിയായ മകൾ ശ്രിനികയും ഇളയ മകൾ ഇഷികയും കിടക്കയിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെ പിതാവ് ഇരുവരെയും കിടക്കയിൽനിന്ന് താഴെയിറക്കി ഒരു തുണി ഉപയോഗിച്ച് ബന്ധിച്ചശേഷം ഭാര്യയെ കുത്തുകയായിരുന്നു. പൂജാ ദേവിക്ക് രണ്ടുതവണ കുത്തേറ്റു. അമ്മയുടെ നിലവിളി കേട്ടാണ് ശ്രിനിക ഉറക്കമുണർന്നത്.
അമ്മയെ ആക്രമിക്കുന്നത് കണ്ട പെൺകുട്ടി അയൽവാസിയെ വിളിക്കുമെന്ന് പിതാവിനോട് പറഞ്ഞു. എന്നാൽ ഇയാൾ അതിന് അനുവദിച്ചില്ല. ‘നിന്റെ അമ്മ ചത്തു. ഞാൻ നിനക്ക് മറ്റൊരു അമ്മയെ കൊണ്ടുവന്നുതരാം’ എന്നായിരുന്നു പിതാവിന്റെ മറുപടി. എന്നാൽ അമ്മയ്ക്ക് പകരം മറ്റൊരാൾക്ക് ഒരിക്കലും വരാനാകില്ലെന്ന് പെൺകുട്ടി പിതാവിനോട് പറഞ്ഞു.
സംഭവത്തിന് തലേദിവസം രാത്രിയും മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി ശ്രിനിക പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒരു പുതപ്പുകൊണ്ട് മൂടിയ ദശരഥ്, രണ്ട് പെൺമക്കളെയും കൂട്ടി ജമാൽപുർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്. അതേസമയം അമ്മയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ പത്തുവയസുകാരി പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.