സമസ്തിപൂർ: ബിഹാറിൽ ഛഠ് പൂജാ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം കഴിച്ച നാലുവയസുകാരിയായ മകളെ അമ്മ മർദിച്ചു, പിന്നാലെ കുട്ടിക്കു ദാരുണാന്ത്യം. പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദത്തിൽനിന്ന് ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് അമ്മ കുട്ടിയെ മർദിച്ചതെന്നാണ് ആരോപണം. ചികിത്സയ്ക്കിടെ കുട്ടി മരിച്ചതോടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
സമസ്തിപൂർ ജില്ലയിലാണ് സംഭവം. രാജു പാസ്വാന്റെ നാലുവയസുകാരിയായ മകൾ സുഹാനി കുമാരിയാണ് മരിച്ചത്. അമ്മ റീന കുമാരിയാണ് കേസിലെ പ്രതി.കുടുംബാംഗങ്ങൾ ഛഠ് പൂജയ്ക്കുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്ന സമയത്താണ് സംഭവം. പൂജാ ചടങ്ങുകൾക്കായി സമീപത്തെ ഘട്ടിൽ ക്രമീകരണങ്ങൾ നടത്താൻ വീട്ടിലെ മറ്റുള്ളവർ പോയിരിക്കുകയായിരുന്നു. ഇതിനിടെ റീന കുമാരി വീട്ടിൽ പൂജയ്ക്കുള്ള പ്രസാദം തയ്യാറാക്കുകയായിരുന്നു. ഈ സമയത്ത് സുഹാനി പ്രസാദത്തിനായി തയ്യാറാക്കിയ ഭക്ഷണസാധനങ്ങളിൽ ഒന്ന് എടുത്ത് കഴിച്ചെന്നാണ് ആരോപണം. ഇതിൽ പ്രകോപിതയായ അമ്മ കുട്ടിയെ മർദിക്കുകയായിരുന്നു.
മർദനത്തിന് പിന്നാലെ സുഹാനിയുടെ ആരോഗ്യനില മോശമായി. തുടർന്ന് റീന കുട്ടിയെ ചികിത്സയ്ക്കായി സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചു. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ മരണത്തോടെ കുടുംബം തകർന്നിരിക്കുകയാണെന്ന് പിതാവ് രാജു പാസ്വാൻ പൊലീസിന് മൊഴി നൽകി. മകൾ നഷ്ടപ്പെട്ടതോടെ തനിക്ക് ഇനി ഛഠ് പൂജയ്ക്ക് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഇനി അവരെ ജീവിതത്തിൽ ആവശ്യമില്ലെന്നും മക്കളെ താൻ ഒറ്റയ്ക്ക് വളർത്തിക്കൊള്ളാമെന്നും രാജു പാസ്വാൻ വ്യക്തമാക്കി.
രാജു പാസ്വാനും റീന കുമാരിക്കും മൂന്ന് മക്കളാണുള്ളത്. ഏഴുവയസുകാരിയായ ശിവാനി കുമാരി, നാലുവയസുകാരിയായ സുഹാനി കുമാരി, ഒന്നരവയസ്സുകാരനായ രാജാ കുമാർ എന്നിവരാണ് കുട്ടികൾ. സുഹാനിയുടെ മരണം കുടുംബത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയുടെ മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്ത് സമസ്തിപൂർ സദർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നതിനായി മൃതദേഹം കൈമാറി. അതേസമയം കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയും വിശദമായ അന്വേഷണം പൂർത്തിയാകുകയും ചെയ്താൽ മരണത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.