ന്യൂഡൽഹി: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ അഞ്ചുമാസം മുമ്പ് അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയായ 30കാരിയായ വിവാഹിതയെ വീണ്ടും ആക്രമിച്ചു. കേസിൽ നിന്നു പിന്മാറാൻ തയാറാകാത്തതിന്റെ വൈരാഗ്യത്തിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ടതായി പോലീസ് പറയുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഏകദേശം 12 മുതൽ 15 അടി വരെ ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീണ യുവതിക്ക് തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. ആദ്യം സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ജൂണിൽ നൽകിയ കൂട്ടബലാത്സംഗക്കേസ് പിൻവലിക്കാൻ യുവതിയെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് പുതിയ ആക്രമണമെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇതുസംബന്ധിച്ച് നേരത്തെ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചു. തിങ്കളാഴ്ചത്തെ ആക്രമണവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭോംഗൽ കുമാർ എന്ന ഭോംഗൽ മഹ്തോയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതി ഒളിവിലാണ്.
അഞ്ചുമാസം മുമ്പാണ് യുവതി ആദ്യമായി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി നൽകിയത്. പരാതിപ്രകാരം, രാത്രി 11.30ഓടെ പ്രാഥമിക ആവശ്യത്തിനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് അഞ്ച് പേർ ചേർന്ന് ആക്രമിച്ചത്. യുവതിയുടെ ഭർത്താവിനെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷം പ്രതികൾ യുവതിയെ ബലമായി പിടിച്ചുവയ്ക്കുകയും വായ മൂടിക്കെട്ടുകയും ചെയ്തു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അഞ്ചുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വീടിന് സമീപം ഉപേക്ഷിച്ചുപോകുകയായിരുന്നു.
ആക്രമണത്തിന്റെ ക്രൂരത പുറത്തുവന്നത് യുവതിയുടെ വൈദ്യപരിശോധനയ്ക്കിടെയാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽനിന്ന് വെടിയുണ്ടയുടെ ആകൃതിയിലുള്ള ഒരു വസ്തുവും കല്ലും മരക്കഷണവും ഡോക്ടർമാർ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതിക്ക് കൂടുതൽ വൈദ്യപരിശോധനയും ചികിത്സയും ആവശ്യമായി വന്നു. സംഭവത്തിൽ പോലീസ് ആദ്യം കൂട്ടബലാത്സംഗത്തിന് കേസെടുക്കുകയും അഞ്ച് പേരെ പ്രതികളായി തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിൽ നാലുപേരെ അറസ്റ്റ് ചെയ്തു. അഞ്ചാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്.
എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിനു ശേഷവും യുവതിക്കും കുടുംബത്തിനുമെതിരായ ഭീഷണികൾ അവസാനിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂട്ടബലാത്സംഗം നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോൾ ചിലർ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും കുടുംബം പറഞ്ഞു. ഈ സംഭവത്തിലും പോലീസിനെ സമീപിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. ക്രിമിനൽ കേസ് പിൻവലിപ്പിക്കാനും ഒത്തുതീർപ്പിന് നിർബന്ധിക്കാനുമാണ് തുടർച്ചയായ ഭീഷണികളും ആക്രമണങ്ങളും നടത്തുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
തിങ്കളാഴ്ച രണ്ട് പേർ വീട്ടിലെത്തുകയും യുവതിയെ ബലമായി കെട്ടിടത്തിന്റെ ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് പരാതി. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. അതേസമയം സംഭവം ബിഹാറിൽ രാഷ്ട്രീയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയും സംസ്ഥാനത്തെ ക്രമസമാധാനനിലയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രംഗത്തെത്തി. ഗുരുതരമായ ലൈംഗികാതിക്രമ പരാതി നൽകിയ ഒരു സ്ത്രീക്ക് തുടർച്ചയായി ഭീഷണികളും വീണ്ടും ആക്രമണവും നേരിടേണ്ടിവരുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.
കൂട്ടബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തിയതായും ഭീഷണിപ്പെടുത്തിയതായും നേരത്തെ നൽകിയ പരാതികളിൽ പോലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.