BREAKING NEWS

‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ‘ എന്ന് കീഴ്പ്പെടുത്തവെ ഒമാനി കോ-പൈലറ്റ് അലറിവിളിച്ചു; ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടയാളാണെന്നത് വ്യക്തം; ഇറാനുമായി ബന്ധമുണ്ടോയെന്നത് പരിശോധിച്ചു വരുന്നു‘: നെതന്യാഹു

· · 1 min read
Share: Copied!

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റ് ഇൻ കമാൻഡിനെ ആക്രമിച്ച ഒമാനി കോ-പൈലറ്റ് തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യോഗ്യതാ നിർണയത്തിലെ പിഴവാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാന സർവീസിൽ ഇയാൾക്ക് പൈലറ്റായി പ്രവർത്തിക്കാൻ അവസരം ലഭിക്കാൻ കാരണമായതെന്നും ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ നെതന്യാഹു ആരോപിച്ചു.

ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെയാണ് ഒമാനി കോ-പൈലറ്റ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

“ക്യാപ്റ്റനെ ആക്രമിച്ച അക്രമിയെ ഇപ്പോൾ ചോദ്യംചെയ്തുവരികയാണ്. എന്നാൽ നമുക്കറിയാവുന്ന കാര്യം, അദ്ദേഹം ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടയാളാണ് എന്നതാണ്,” നെതന്യാഹു പറഞ്ഞു. ഒമാനി പൈലറ്റിന്റെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം മനസ്സിലായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള പൈലറ്റുമാർക്ക് ഇസ്രയേലിലേക്ക് വിമാനങ്ങൾ പറത്തുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ ഒരു പഴുത് ഉപയോഗിച്ചാണ് ഒമാനി പൈലറ്റിന് വിമാനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞതെന്നും നെതന്യാഹു പറഞ്ഞു. വിമാനം തകർക്കാനായിരിക്കാം ഇയാൾ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കീഴടക്കിയതിന് പിന്നാലെ പൈലറ്റ് ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് അലറിവിളിച്ചെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഒമാനി പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ നിഗമനത്തിലെത്താറായിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

174 യാത്രക്കാരുമായി ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായിയുടെ എഫ്.ഇസഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിലാണ് കഴിഞ്ഞ ദിവസം സംഭവങ്ങളുണ്ടായത്. വിമാനത്തിനിടെ ഒമാനി കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് വിമാനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് മച്ചാർ കോക്ക്പിറ്റ് വാതിൽ തുറക്കുകയും യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ കോക്ക്പിറ്റിൽ പ്രവേശിച്ച് ഒമാനി പൈലറ്റിനെ കീഴടക്കുകയായിരുന്നു.

യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ പിന്നീട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

 

BREAKING NEWS
ബീഫ് കഴിക്കാറുണ്ടോ ചോദിച്ച് ക്ലാസില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി, ജാതിയുടെ പേരില്‍ സഹപാഠികള്‍ നിരന്തരം മര്‍ദിച്ചു, പരാതി നല്‍കിയിട്ടും നടപടിയില്ല, ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ കേസ്
23 Oct 2026
BREAKING NEWS
സുഹൈലിന്റെ വാഹനത്തിലെ വിവരങ്ങൾ ലഭിക്കാൻ വൈകും; ഇഡിആർ പരിശോധന ജർമ്മനിയിൽ; സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം
23 Oct 2026
BREAKING NEWS
മരിച്ചവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈക്കലാക്കി ; സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിക്കൂട്ടിൽ; തട്ടിപ്പ് പുറത്തായതോടെ സ്ഥാനത്തുനിന്ന് നീക്കി
23 Oct 2026
BREAKING NEWS
’പ്രമുഖരുടെ കേസുകൾ രഹസ്യമാക്കാൻ വഴിയൊരുങ്ങും’; വിജിലൻസ് ടി സെക്ഷനിലെ നിർണായ വിവരങ്ങൾ ഇനി ആർടിഐ നിയമപ്രകാരം ലഭിക്കില്ല; രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കേസുകളിലെ വിവരങ്ങൾ മറച്ചുവയ്ക്കാനിടയാകുമെന്ന് വിമർശകർ
23 Oct 2026