ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച തന്ത്രപ്രധാന സുരക്ഷാ സഖ്യമായ ‘മക്ക കരാറി’ൽ ചേരാൻ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോർട്ട്. ജിദ്ദയിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് നിർണായക ചർച്ചകൾ നടന്നതായാണ് വിവരം. സഖ്യത്തിൽ ചേരാൻ സൗദി അറേബ്യ ബംഗ്ലാദേശിന് ഔദ്യോഗിക ക്ഷണം നൽകിയതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അംഗരാജ്യങ്ങളിലൊന്നിന് നേരെ ആക്രമണമുണ്ടായാൽ അത് മുഴുവൻ അംഗരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കുന്ന രീതിയിലാണ് മക്ക സഖ്യം പ്രവർത്തിക്കുന്നത്. സൗദിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഓഗസ്റ്റിലാണ് സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് സഖ്യം രൂപീകരിച്ചത്.
ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പാകിസ്താനുമായും സൗദി അറേബ്യയുമായും നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ തുടർച്ചയായാണ് പുതിയ നീക്കത്തെ വിലയിരുത്തുന്നത്. അതേസമയം, സഖ്യത്തിൽ ചേരുന്നത് ബംഗ്ലാദേശിന്റെ പരമാധികാര തീരുമാനമാണെന്നും മറ്റാരും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു.
ബംഗ്ലാദേശ് മക്ക സഖ്യത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ പ്രാദേശിക സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിൽ പാകിസ്താന്റെ സൈനിക, തന്ത്രപ്രധാന സ്വാധീനം വർധിക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകൾക്ക് ബംഗ്ലാദേശിനെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള സാഹചര്യമൊരുങ്ങുമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്. പുതിയ നീക്കം ബംഗ്ലാദേശിന്റെ മുൻ വിദേശനയ സമീപനത്തിൽനിന്നുള്ള മാറ്റമായും വിലയിരുത്തപ്പെടുന്നു.
സൗദി അറേബ്യയുമായി ഇന്ത്യയ്ക്ക് അടുത്ത നയതന്ത്ര ബന്ധമാണുള്ളതെങ്കിലും തുർക്കിയും പാകിസ്താനും പല അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുമായി ഭിന്ന നിലപാടുകൾ സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളാണ്. ഇവർക്കൊപ്പം ബംഗ്ലാദേശും ചേരുകയാണെങ്കിൽ കിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രപരമായ സമ്മർദ്ദം സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.






