കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ തോല്‍വിക്ക് കാരണം പിണറായി വിജയന്‍ മാത്രമല്ലെന്ന് എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ആസാദ്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി പാര്‍ട്ടിയില്‍ ഗൂഢവഴികള്‍ വെട്ടി നവലിബറല്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ വിളയിച്ചെടുക്കുന്നതില്‍ വലിയ പങ്ക് ബേബിയുടേതും ഐസക്കിന്റേതുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ നേതാക്കളെയും പിന്തുടര്‍ച്ചക്കാരെയും പിറകില്‍ വന്നേക്കാവുന്ന സകലരെയും തുടര്‍ച്ചയായി വെട്ടിനിരത്തി പിണറായി ഫാന്‍സ് കമ്പനിയായി പാര്‍ട്ടിയെ മാറ്റുന്നതില്‍ കൂട്ടുചേര്‍ന്നവരാണ് ഇപ്പോള്‍ പിണറായിയെ വെട്ടി തെറ്റു തിരുത്താന്‍ ഒരുങ്ങുന്നതെന്ന് ആസാദ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘പിണറായി വിജയനില്‍ ഏറെ കുറ്റങ്ങളോ ദോഷങ്ങളോ ആരോപിക്കുന്നവര്‍പോലും ഒരു കാര്യം സമ്മതിക്കും. ദേഷ്യമായാലും വെറുപ്പായാലും അത് മുഖത്തും പെരുമാറ്റത്തിലും പ്രകടിപ്പിക്കാതിരിക്കാന്‍ വിജയന് സാധിക്കില്ല. എന്നാല്‍ എം എ ബേബിയും തോമസ് ഐസക്കുമൊന്നും അങ്ങനെയല്ല. അവര്‍ ചിരിക്കും. മയത്തില്‍ സംസാരിക്കും. വെറുപ്പും ദേഷ്യവുമെല്ലാം ഒളിച്ചുവെച്ച് പെരുമാറും. ഒളിയജണ്ടകളുടെ നായകരാണവര്‍’- കുറിപ്പില്‍ പറയുന്നു.
‘ബേബിയും ഐസക്കുമൊക്കെ നട്ടുവളര്‍ത്തിയ നവലിബറല്‍ നാലാംലോക കുഞ്ഞുങ്ങളാണ് ഇന്നത്തെ ന്യായീകരണ വക്താക്കള്‍. അവരുടെ ശാഠ്യവും അട്ടഹാസവും വിവരക്കേടും മാത്രം മതി പാര്‍ട്ടി ചെന്നെത്തി നില്‍ക്കുന്ന പതനത്തിന്റെ ആഴമറിയാന്‍. തെറ്റായ രാഷ്ട്രീയവഴി തിരുത്തി വര്‍ഗരാഷ്ട്രീയത്തിന്റെ സമകാലിക ദൗത്യം ഏറ്റെടുക്കുകയാണെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനിന്നേക്കുമെന്ന് ആസാദ് കുറിപ്പില്‍ പറയുന്നു.






