തിരുവനന്തപുരം: കോടതി വിധിയുടെ പിൻബലത്തിൽ ദിവസങ്ങൾ നീണ്ട വാഗ്വാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ടേബിളിലെത്തിച്ചിരിക്കുന്നത്. സമാധിയിരുത്തിയ വിധമെല്ലാം കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തിൽ തന്നെയാണ്. നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
എന്നാൽ പോലീസിനേയും നാട്ടുകാരെയും സംഭവം കേഴ്ക്കുന്ന എല്ലാവരേയും ചിന്തിപ്പിക്കുന്ന ഒന്നിനാണ് ഇനി ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നത്. പലതരത്തിലുള്ള രോഗങ്ങളാൾ ഗോപൻ സ്വാമി കിടപ്പായിപ്പോയിട്ട് നാളുകളേറെയായെന്ന് അയൽക്കാരും നാട്ടുകാരും പറയുന്നു. അങ്ങനെ അസുഖബാധിതനായി കട്ടിൽക്കുഴിയിൽ സ്വയം എണീക്കാൻ പറ്റാതായി കിടന്ന ഗോപൻസ്വാമി സ്വയം സമാധിപീഠം വരെ പോയിരുന്ന് മരണത്തെ വരിക്കുകയായിരുന്നുവെന്ന അവിശ്വസനീയമായ ഒരു വാദം എന്തിന് കുടുംബാംഗങ്ങൾ മുന്നോട്ടുവെച്ചു? അതിൽ എത്രമാത്രം സത്യമുണ്ട്?
മനുഷ്യയുക്തിക്ക് മനസിലാകാത്തെ ഇത്തരം കാര്യങ്ങളുമായി പൊതുസമൂഹത്തിനു മുന്നിലേക്കു വന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. ഗോപൻസ്വാമിയുടെ മക്കൾ പറയുന്നതു പോലെ അദ്ദേഹം സമാധിയിരുന്നതാണോ, അതോ മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ, അതു മറച്ചുവെക്കാനാണോ കല്ലറ തുറക്കുന്നതിനെ ചെറുത്തത്? ഇത്തരം സ്വാഭാവിക ചോദ്യങ്ങൾക്ക് ഉത്തരമാണ് ഇനി അറിയേണ്ടത്.
മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്നു സൂചന, മൃതദേഹം പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
സമാന രീതിയിലുള്ള ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. മരിച്ചതാണെങ്കിൽ മരണ സർട്ടിഫിക്കറ്റ് എവിടെ? മരണം ആരെയെങ്കിലും കൊണ്ട് ഉറപ്പുവരുത്തിയിരുന്നോ? എന്നാൽ ഇതിനൊന്നും ഉത്തരമില്ല. അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നപോലെ മരിച്ചതാണോയെന്ന ചോദ്യത്തിനു അല്ലാ സമാധിയായതാണ് എന്ന ഉത്തരം മാത്രം.
ഇതോടെ പോലീസിന് ഇനി സ്ഥിരീകരിക്കാനുള്ളത് മരണകാരണവും തുടർ തുടർ നടപടികളുമാണ്. പോസ്റ്റ്മോർട്ടത്തിൽ പ്രധാനമായും പരിശോധിക്കുന്നത് മരണ കാരണം സംബന്ധിച്ചുള്ള കാര്യങ്ങളാണ്. ഗോപൻ സ്വാമിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്കുകളേറ്റിട്ടുണ്ടോ, അതോ വാർദ്ധക്യ സഹജമായ അസുഖം കൊണ്ടാണോ മരണം തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായും നോക്കുക. നിരവധി അസുഖങ്ങളുള്ള ആളാണ് ഗോപൻസ്വാമിയെന്നതുകൊണ്ടുതന്നെ ഇവയിലേതെങ്കിലുമാണ് മരണകാരണമെന്ന നിഗമനത്തിലേക്കെത്താനും പോലീസിന് കഴിയും. വിഷബാധയോ മറ്റോവാണോ മരണമെന്നറിഞ്ഞാൽ രാസപരിശോധന നടത്തേണ്ടിവരും.
അതേപോലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ കേസിൽ തുടർ നടപടികളിലേക്ക് കടക്കേണ്ടിയും വരും. അങ്ങനെയെങ്കിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കേണ്ടതായി വരും. അസ്വാഭാവിക മരണമായി കണ്ടെത്തിയാൽ സിആർപിസി 174-ാം വകുപ്പ്, അല്ലെങ്കിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 194-ാം വകുപ്പ് പ്രകാരം കുടുംബാംഗങ്ങൾക്കെതിരെ കേസെടുക്കേണ്ടിയും വരും.
സംശയകരമായ മരണത്തെക്കുറിച്ച് വിവരം കിട്ടിയാലുടൻ പോലീസ് തൊട്ടടുത്ത എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെ അറിയിക്കണം, മരണം നടന്ന സ്ഥലം അന്വേഷണവിധേയമാക്കുകയും മരണകാരണം രേഖപ്പെടുത്തുകയും വേണം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ജില്ലാ മജിസ്ട്രേറ്റിനോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോ അയച്ചുകൊടുക്കണം. ആവശ്യമെങ്കിൽ ജഡം പരിശോധനയ്ക്കു വിടണമെന്നും നിയമം അനുശാസിക്കുന്നു. സംശയകരമായ മരണങ്ങളിൽ- ആത്മഹത്യയും കൊലപാതകവുമടക്കം- സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, സമയത്ത് സാംപിളുകളുടെ കൈമാറ്റവും പരിശോധനയും നടക്കുന്നത് ഉറപ്പാക്കുക, മരണം സാക്ഷ്യപ്പെടുത്തുന്നതിൽ കാലതാമസം കുറയ്ക്കുക എന്നിവ ഉറപ്പാക്കുന്നതാണ് ഈ വകുപ്പ്.
എന്നാൽ മരണത്തിൽ ദുരൂഹമായി ഒന്നുമില്ലെന്ന് വ്യക്തമായാൽ മറ്റ് നടപടികൾക്ക് സാധ്യതയില്ല. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ എങ്ങനെ, എവിടെ അടക്കം ചെയ്യണമെന്നത് കുടുംബാംഗങ്ങളുടെ താത്പര്യമാണ്. അതുകൊണ്ടുതന്നെ മരണത്തിലെ ദുരൂഹത നീങ്ങിക്കിട്ടിയാൽ എങ്ങനെ അടക്കംചെയ്തു എന്ന കാര്യത്തിൽ പോലീസിന് പ്രത്യേകിച്ച് ഏതെങ്കിലും നടപടി സ്വീകരിക്കാനാവില്ല. ഡിഎൻഎ സാമ്പിളുകളടക്കം ശേഖരിച്ച് ഭാവിയിൽ മറ്റൊരു വിവാദത്തിന് ഇടനൽകാത്തവിധം, കണ്ടെത്തിയത് ഗോപൻസ്വാമിയുടെ മൃതദേഹമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ നടപടികൾ അവസാനിക്കുകയും ചെയ്യും.
Leave a Comment